Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് പരാജയം; ...

തെരഞ്ഞെടുപ്പ് പരാജയം; തിരുത്തല്‍ നടപടിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

text_fields
bookmark_border
തെരഞ്ഞെടുപ്പ് പരാജയം;  തിരുത്തല്‍ നടപടിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
cancel

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇനി ആവശ്യം തിരുത്തല്‍ നടപടികളെന്ന് നേതൃത്വത്തോട് അണികള്‍. ഓരോ പരാജയത്തിനുശേഷവും അന്വേഷണ കമീഷനുകളെ നിശ്ചയിച്ച് മുഖം രക്ഷിക്കുന്ന പതിവ് നടപടി ഇക്കുറി അംഗീകരിക്കാനാവില്ളെന്ന വികാരമാണ് അണികള്‍ നേതൃത്വത്തെ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരുപടികൂടി കടന്ന് വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.യു  പ്രമേയത്തിലൂടെ പരസ്യമായി നടപടി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇതോടൊപ്പം, സാമൂഹിക മാധ്യമങ്ങള്‍വഴിയുള്ള പ്രചാരണങ്ങളും തകൃതിയാണ്.

സാമൂഹിക മാധ്യമങ്ങള്‍ ശക്തിപ്പെട്ടതോടെ, നേതൃത്വത്തേക്കാള്‍ ആവേശത്തില്‍ പരാജയ കാരണങ്ങള്‍ വിലയിരുത്തുന്ന തിരക്കിലാണ് അണികള്‍. ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെ നിഷ്പ്രഭമാക്കിയാണ് ഇത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, യു.ഡി.എഫ് ഗവണ്‍മെന്‍റിനെ നയിച്ച ഉമ്മന്‍ ചാണ്ടി എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് അഭിപ്രായ പ്രകടനങ്ങള്‍ ഏറെയും. ‘ആദര്‍ശ ധീരന്‍’ എന്ന് തെളിയിക്കുന്നതിന് വി.എം. സുധീരന്‍ സര്‍ക്കാറിന്‍െറ പല നടപടികളെയും പരസ്യമായി ചോദ്യം ചെയ്തത് മുന്നണിക്കുതന്നെ മോശം പ്രതിഛായയുണ്ടാക്കി എന്നാണ് ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ വാദിക്കുന്നത്. എറണാകുളം കേന്ദ്രമായി ആരംഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പില്‍, ‘ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇനി ഒരു വഴിയേ ഉള്ളൂ; വി. എം. സുധീരനെ ബി.ജെ.പി പ്രസിഡന്‍റാക്കുക’ എന്നുവരെയുള്ള പരിഹാസങ്ങള്‍ നിറഞ്ഞൊഴുകുകയാണ്.

സുധീരനെ അനുകൂലിക്കുന്നവരാകട്ടെ, അദ്ദേഹം നിര്‍ദേശിച്ചപോലെ മോശം പ്രതിഛായയുള്ളവരെ മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ കുറേക്കൂടി സീറ്റുകള്‍ നേടാമായിരുന്നുവെന്ന വാദം ഉയര്‍ത്തുന്നു. മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ട കെ. ബാബു, ഡൊമിനിക് പ്രസന്‍േറഷന്‍ എന്നിവര്‍ ഉറച്ച യു.ഡി.എഫ് സീറ്റുകളില്‍ തോറ്റത് ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പംതന്നെ, സര്‍ക്കാറിന്‍െറ അവസാനകാലത്ത് ഇറങ്ങിയ ഭൂമിദാന ഉത്തരവുകള്‍ ദോഷകരമായി ബാധിച്ചുവെന്ന് സുധീരന്‍ അനുകൂലികള്‍ വാദിക്കുന്നു. സുധീരനോട് ഒപ്പംനില്‍ക്കുന്ന വി.ഡി. സതീശന്‍ ‘മാധ്യമ’ത്തില്‍ തെരഞ്ഞെടുപ്പ് പരാജയ അവലോകനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത് സുധീരന്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

കെ.എസ്.യുവിന്‍െറ  59ാം ജന്മദിനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പരാജയ കാരണങ്ങള്‍ വിശദമായി വിവരിച്ച് നടപടി ആവശ്യപ്പെടുന്നത്. ബി.ജെ.പി യുടെ വര്‍ഗീയ അജണ്ട തുറന്നുകാട്ടുന്നതിലും തുറന്നെതിര്‍ക്കുന്നതിലും പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു, ഇടത് യുവജന സംഘടനകള്‍ ബീഫ് ഫെസ്റ്റിവല്‍ പോലെയുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് യുവജന സംഘടനകള്‍ അതിന് എതിരായ നിലപാട് സ്വീകരിച്ചു. കേരളം വില്‍പനക്ക്  വെച്ചിരിക്കുന്നു എന്ന ഇടത് ആരോപണം പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും കോണ്‍ഗ്രസും പരാജയപ്പെട്ടു. വര്‍ഗീയ, ജാതി, മതശക്തികളെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു,  അവസാന മന്ത്രിസഭയുടെ തീരുമാനങ്ങളും വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ മദ്യനയവും തിരിച്ചടിയായി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് പരാജയ  കാരണങ്ങളായി ഇവര്‍ നിരത്തുന്നത്. മത, സമുദായ നേതൃത്വത്തിനല്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പരിഗണന നല്‍കേണ്ടതെന്ന് നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ആവശ്യപ്പെടുന്ന കെ.എസ്.യു, കേരള ചരിത്രത്തിലെ അവസാന കോണ്‍ഗ്രസ്  മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയെ രേഖപ്പെടുത്താതിരിക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണ മെന്നും ആവശ്യപ്പെടുന്നു.  സമ്പൂര്‍ണ പരാജയം സംഭവിച്ച ജില്ലകളിലെ പാര്‍ട്ടി നേതൃത്വം ഉടന്‍ പിരിച്ച് വിടുക, വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളെ താഴത്തെട്ട് മുതല്‍ .അടിയന്തരമായി പുന$സംഘടിപ്പിക്കുക, തുടങ്ങിയവയാണ് അവര്‍ അടിയന്തരമായി ആവശ്യപ്പെടുന്ന നടപടികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly election 2016
Next Story