ഒരേക്കര്‍ ഭൂമി മക്കള്‍ക്ക് നല്‍കാന്‍ മുമ്പ് 26000, ഇപ്പോള്‍ നാലുലക്ഷം!
text_fieldsതിരുവനന്തപുരം: സെന്‍റിന് 50000 മാര്‍ക്കറ്റ് വിലയും സര്‍ക്കാര്‍ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കര്‍ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കള്‍ക്ക് നല്‍കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വരുക നാലു ലക്ഷം! പുറമേ, മറ്റു ചെലവുകളും. സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്ട്രേഷന്‍ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്ന സ്ഥാനത്താണിത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗ-ഇഷ്ടദാന ആധാരങ്ങള്‍ക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായിനിശ്ചയിച്ച പുതിയ ബജറ്റ് നിര്‍ദേശത്തത്തെുടര്‍ന്നാണിത്. ഈ ഭൂമി വിറ്റാല്‍ യഥാര്‍ഥത്തില്‍ കിട്ടുക 50 ലക്ഷമാണെങ്കില്‍ സര്‍ക്കാര്‍ കണക്കില്‍ അത് ഒരു കോടിയാണ്. 2010ല്‍ നിശ്ചയിച്ച ന്യായവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വസ്തു വില്‍പന നടക്കാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ‘അന്യായ’വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വര്‍ഷത്തിനിടെ വസ്തു കൈമാറ്റ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തില്‍ കൂട്ടിയത് നൂറുമുതല്‍ 500ശതമാനത്തിലേറെയാണ്.
2010ല്‍ നിലവില്‍ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാല്‍, ന്യായവിലയെക്കുറിച്ച പരാതികള്‍ ആറുവര്‍ഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കള്‍ ന്യായവില രജിസ്റ്ററില്‍ സര്‍ക്കാര്‍ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. വില നിശ്ചയിക്കാതിരിക്കുക, മാര്‍ക്കറ്റ് വിലയെക്കാള്‍ ഉയര്‍ന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും. ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറില്‍ ഓര്‍ഡിനന്‍സില്‍കൂടി ഉയര്‍ത്തുകയും ചെയ്തു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ല്‍ ന്യായവില വര്‍ധിപ്പിച്ചെങ്കിലും മക്കള്‍ക്ക് ഭൂമി നല്‍കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്ട്രേഷന്‍ ഫീസായി പരമാവധി 25000രൂപയുമായി നിലനിര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ വഴിയുള്ള സേവനങ്ങള്‍ക്കുള്ള നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഭൂ ഉടമകള്‍ അനുഭവിക്കുന്ന പരാതികള്‍ക്ക് തുടരുകയാണ്. റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പുകളുടെ സേവനാവകാശം ഇപ്പോഴും കടലാസില്‍തന്നെയിരിക്കുകയാണ്.
ഈ സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടിയാണ് കൂട്ടിയതെങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഭൂനികുതിയാരുന്നു..ഏക്കറിന് 40 രൂപയായിരുന്ന നികുതി 200 രൂപയാക്കി. പ്രതിഷേധത്തിനൊടുവില്‍ 80 രൂപയാക്കി. ഇതു രണ്ടു വര്‍ഷമായാല്‍ ഒമ്പത് ശതമാനം പിഴയും നല്‍കേണ്ടിവരും. പോക്കുവരവ് ചെയ്യുന്നതിനുള്ള അപേക്ഷാ ഫീസ് പത്തില്‍നിന്ന് 750 ആക്കി. വിലയാധാരം വാങ്ങിയ ഭൂമി മൂന്ന് മാസത്തിനുള്ളില്‍ കൈമാറ്റം ചെയ്യുകയാണെങ്കില്‍ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടിയും, ന്യായവില പ്രകാരം രജിസ്റ്റര്‍ ചെയ്ത ഭൂമിക്കുമേല്‍ അണ്ടര്‍ വാല്വേഷന്‍ നടപടിയും, സബ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഭൂമിയിന്‍മേലുള്ള നിക്ഷേപകരെ അകറ്റുകയായിരുന്നു. ന്യായവില രജിസ്റ്ററിലെ വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തി ആധാരം രജിസ്റ്റര്‍ചെയ്ത ആയിരക്കണക്കിന് ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പ് അണ്ടര്‍വാല്വേഷന്‍ നടപടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
