‘കൈത്താങ്ങ്’ വളര്‍ന്നു, യു.എന്‍ വരെ
text_fieldsകാസര്‍കോട്: ആന്‍റിബയോട്ടിക് മരുന്നുകള്‍ക്കൊപ്പം പോഷകഗുണമുള്ള ഭക്ഷണവും രോഗികള്‍ക്ക് നല്‍കി ക്ഷയരോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സ്വന്തം പദ്ധതി കൈത്താങ്ങ് വളര്‍ന്നത് ഐക്യരാഷ്ട്രസഭയോളം. എന്നും അനാസ്ഥയുടെ കഥകള്‍മാത്രം പറയുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ക്ഷയരോഗ നിവാരണ വിഭാഗത്തില്‍നിന്നാണ് ഈ പുതിയ പദ്ധതി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയായ റിവൈസ്ഡ് നാഷനല്‍ ട്യൂബര്‍കുലോസിസ് പ്രോഗ്രാമില്‍ രോഗികള്‍ക്ക് മരുന്നും ചികിത്സയും നല്‍കുന്നുണ്ട്. മാരകമായ എം.ഡി.ആര്‍, എക്സ് ഡി. ആര്‍ എന്നീ ‘ക്ഷയ’രോഗങ്ങള്‍ക്ക് 24 മാസം തുടര്‍ച്ചയായി ആന്‍റി ബയോട്ടിക് നല്‍കുമ്പോള്‍ രോഗി കൂടുതല്‍ ക്ഷയിക്കുകയാണെന്ന് നിരീക്ഷണത്തില്‍ കണ്ടത്തെിയത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടി.ബി വിഭാഗമാണ്. മരുന്നിനൊപ്പം പോഷകഗുണമുള്ള ആഹാരം നല്‍കിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് മനസ്സിലാക്കി പ്രോഗ്രാം കോഓഡിനേറ്റര്‍ പി.പി. സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍നിന്ന് ഒരു വിഹിതംനല്‍കി ക്ഷയരോഗികള്‍ക്കും കുടുംബത്തിനും ഭക്ഷണക്കിറ്റും നല്‍കി. അതുവരെ ക്ഷയരോഗികള്‍ ബാധ്യതയായി മാറിയ കുടുംബങ്ങളില്‍ രോഗികള്‍ക്ക് വലിയ പരിചരണം ലഭിച്ചു. ഈ പരിപാടി അഡ്വ. പി.പി. ശ്യാമളാദേവി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ കൈത്താങ്ങ് എന്നുപേരിട്ട് പണം വകയിരുത്തി.
പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പദ്ധതി പടര്‍ന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അദ്ഭുതപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ജില്ലകള്‍ക്കും ബാധകമാകുന്ന വിധത്തില്‍ പദ്ധതിക്കുള്ള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനക്ക് അയക്കുകയും ചെയ്തു. ‘കൈത്താങ്ങി’ന്‍െറ വിജയവഴികള്‍ ചര്‍ച്ചചെയ്യാന്‍ ടി.ബി സെന്‍ററിലെ ഡോ. രവിപ്രസാദിനെ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം കുടുംബവും കഴിക്കുമെന്ന് ചര്‍ച്ചക്കിടയില്‍, പരാമര്‍ശമുണ്ടായപ്പോള്‍ അത് അതിന്‍െറ നേട്ടമാണെന്ന് ഡബ്ള്യൂ.എച്ച്.ഒ പ്രതിനിധികള്‍ പറഞ്ഞു. രോഗിയുടെ കുടുംബത്തില്‍ ക്ഷയരോഗം വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് അവര്‍ വെളിപ്പെടുത്തി. ഇതിന്‍െറ ചുവടുപിടിച്ച് ലോകാരോഗ്യസംഘടന ശാസ്ത്ര കമ്മിറ്റിയെ നിയമിച്ചു. കമ്മിറ്റിയുടെ പ്രതിനിധികളായി ജൂണ്‍ 26, 27 തീയതികളില്‍ ഡോ. അനുര ഭാര്‍ഗവ, ഡോ. മാധവി ഭാര്‍ഗവ എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ഇനി ലോകത്തിലെ മുഴുവന്‍ ക്ഷയരോഗികള്‍ക്കും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ടി.ബി വിഭാഗം ഒരു ‘കൈത്താങ്ങ്’ ആവുകയേ വേണ്ടൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
