ഗര്‍ഭനിരോധ മരുന്നുകളുടെ അമിതോപയോഗം; മുതുവാന്‍ സമൂഹത്തിന് വംശനാശ ഭീഷണി
text_fieldsമറയൂര്‍: ഗര്‍ഭനിരോധ മരുന്നുകളുടെ അമിതോപയോഗം മൂലം മറയൂര്‍ മേഖലയില്‍ മുതുവാന്‍ സമൂഹം വംശനാശത്തിന്‍െറ വക്കില്‍. ഇവിടെയുള്ള സ്ത്രീകള്‍ പൂര്‍ണമായും മാലാ ഡി പോലുള്ള ഗര്‍ഭനിരോധ മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. അഞ്ചുവയസ്സില്‍ താഴെയുള്ള ഒരുകുട്ടി പോലുമില്ലാത്ത കുടികള്‍ നിരവധിയാണ്.
മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ മാത്രം 24 മുതുവാന്‍ കോളനികളുണ്ട്. കാന്തല്ലൂരില്‍ ഒമ്പതും മറയൂരില്‍ 15ഉം കോളനികള്‍. കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ പൂട്ടി. അങ്കണവാടികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഗര്‍ഭനിരോധ മരുന്നുകള്‍ അവിവാഹിതരായ സ്ത്രീകളും ഉപയോഗിക്കുന്നുണ്ട്. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ അനുവാദമില്ല.
ഈ സമയത്ത് കുളിവീട് അഥവാ വാലാപ്പുരയില്‍ താമസിക്കണം. വാലാപുരയിലെ ദുരിത ജീവിതത്തില്‍നിന്ന് രക്ഷനേടാനാണ് സ്ത്രീകള്‍ ഗര്‍ഭനിരോധ ഗുളികകള്‍ ഉപയോഗിച്ച് ആര്‍ത്തവം വൈകിക്കുന്നത്. ഇത് ഇവര്‍ക്കിടയില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു. മാലാ ഡി പോലുള്ള ഗര്‍ഭനിരോധ മരുന്നുകളുടെ വില്‍പനയും ഉപയോഗവും ആരോഗ്യവകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും മറയൂര്‍ മേഖലയിലെ പെട്ടിക്കടകളില്‍ പോലും ഇവ സുലഭമാണ്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഈ മരുന്നുകള്‍ യഥേഷ്ടം ഉയര്‍ന്ന വിലയ്ക്ക് ഇവിടെ എത്തിക്കുന്നത്.
കാന്തല്ലൂര്‍ പഞ്ചായത്തിലെ ഒള്ളവയല്‍ കോളനിയില്‍ 92 കുടുംബങ്ങളാണുള്ളത്. ഇവിടെ 2000ത്തിന് ശേഷം ഒരു ജനനംപോലും നടന്നിട്ടില്ല. തൊട്ടടുത്ത മാങ്ങാപാറയില്‍ 22 കുടുംബങ്ങളുണ്ട്. ഇവിടെ അഞ്ചുവയസ്സിന് താഴെ ഒരുകുട്ടി മാത്രമാണുള്ളത്. സമാന അവസ്ഥയാണ് മറ്റ് കുടികളിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
