Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരമ്പരാഗത നാടന്‍...

പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ വിത്ത് ബാങ്ക് –മന്ത്രി

text_fields
bookmark_border
പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ വിത്ത് ബാങ്ക് –മന്ത്രി
cancel


പരമ്പരാഗത നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ വിത്ത് ബാങ്ക് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. 200ഓളം നാടന്‍ നെല്‍വിത്തുകള്‍ നമുക്കുണ്ടായിരുന്നു. സംരക്ഷണത്തിന്‍െറ അഭാവംമൂലം ഇവയില്‍ പലതും അന്യമായി. കൃഷിവകുപ്പിന്‍െറ അഗ്രോബസാറുകള്‍ വഴിയും ഇത്തരം നാടന്‍ വിത്തിനങ്ങള്‍ വില്‍പനക്കത്തെിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ ‘വിത്തുമുതല്‍ മാര്‍ക്കറ്റുവരെ’ ശൃംഖലാ സംവിധാനം സ്ഥാപിക്കും. ജൈവ പച്ചക്കറിയുടെ വില കുറക്കാന്‍ നടപടി സ്വീകരിക്കും. തമിഴ്നാട്ടില്‍നിന്ന് വരുന്ന പച്ചക്കറിയുടെയത്ര ജൈവപച്ചക്കറിക്ക് വില കുറക്കാനാവില്ളെന്നും മന്ത്രി പറഞ്ഞു.

നടീല്‍വസ്തുക്കള്‍ വികേന്ദ്രീകൃത സ്വഭാവത്തില്‍ ഉല്‍പാദിപ്പിക്കാന്‍ താഴത്തെട്ടില്‍ പരിശീലനം നല്‍കും. ഇന്‍റന്‍റ് ലഭിച്ചാല്‍ നടീല്‍വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാല സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ പോളി ഹൗസുകള്‍ക്ക് അനുയോജ്യമായ വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍ഷിക സര്‍വകലാശാലയും സര്‍ക്കാറും ധാരണയിലത്തെിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പോളിഹൗസ് വിത്തിനങ്ങള്‍ക്കുള്ള ചെലവ് കുറയും. കാര്‍ഷിക സര്‍വകലാശാലയില്‍ സംസ്ഥാനത്തിന് ആവശ്യമായ വിത്തിനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ച് ഫ്രീസിങ് യൂനിറ്റുകള്‍, വേങ്ങേരിയില്‍ കാര്‍ഷിക
സര്‍വകലാശാലാ സെന്‍റര്‍

ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കണ്ടത്തെി ഫ്രീസിങ് യൂനിറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. നിലവില്‍ മൂന്നാറില്‍ മാത്രമാണ് ഫ്രീസിങ് യൂനിറ്റുള്ളത്. ഇത് പ്രവര്‍ത്തനക്ഷമമല്ല. ഈ യൂനിറ്റ് കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട് വേങ്ങേരി കേന്ദ്രീകരിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ സെന്‍റര്‍ ആരംഭിക്കും. ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങളെ ഏകോപിപ്പിച്ച് അവക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. കൃഷിവകുപ്പ് ഫാമുകളെ മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ല. കൃഷിവകുപ്പിനുകീഴിലുള്ള 64 ഫാമുകളില്‍ തരിശുകിടക്കുന്നവ കൃഷിയോഗ്യമാക്കാന്‍ അടിയന്തര സ്വഭാവത്തില്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും.
ഓണക്കാലത്ത് 85000 ടണ്‍ വിഷരഹിത പച്ചക്കറി കൃഷിവകുപ്പ് വിപണിയിലത്തെിക്കുമെന്ന് മുല്ലക്കര രത്നാകരനെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. ഇതിന് 15000 ഹെക്ടര്‍ സ്ഥലത്ത് ഓണസമൃദ്ധി പദ്ധതിയില്‍ പച്ചക്കറികൃഷി നടത്തും. മുതലമടയില്‍ മാമ്പഴ സംസ്കരണ വിപണനകേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കെ. ബാബുവിനെ മന്ത്രി അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതി
പ്രവൃത്തികള്‍ക്ക് അല്‍പായുസ്സ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി എന്ത് നടന്നെന്ന് ചോദിച്ചാല്‍ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തവണ്ണം ഒന്നോ രണ്ടോ മാസം ആയുസ്സുള്ള പ്രവൃത്തികളാണ് ഇതുവരെ അധികവും നടന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍. വിരളം ചില പദ്ധതികള്‍ മാത്രമാണ് ഇതിനപവാദം. മറ്റ് സംസ്ഥാനങ്ങള്‍ 15 വര്‍ഷം വരെയുള്ള ദീര്‍ഘകാല പ്രവൃത്തികള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയെ വിനിയോഗിക്കുന്നത്. സംസ്ഥാനത്തും ഇത്തരത്തില്‍ പദ്ധതി ആവിഷ്കരിക്കും. ജലസംഭരണം, ചെക് ഡാമുകള്‍, കാവുസംരക്ഷണം എന്നിവക്കാണ് മുന്‍ഗണന. ഇതിന് 25 ബ്ളോക്കുകളെ പൈലറ്റ് ബ്ളോക്കുകളായി തെരഞ്ഞെടുക്കും.

നികുതി കുടിശ്ശികയായി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടാനുള്ളത് 222 കോടി

660 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ള കെട്ടിടങ്ങളെ കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കിയുള്ള ഇളവ് ഫ്ളാറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീല്‍. 25 മുതല്‍ 50 ലക്ഷം രൂപ വരെ വിലയുള്ള ഫ്ളാറ്റുകള്‍പോലും 660 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ നിലവിലെ ചട്ടപ്രകാരം നികുതി അടക്കേണ്ടതില്ല. ഇവക്കുമേല്‍ നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
60 ശതമാനം പഞ്ചായത്തും 20 ശതമാനം മുനിസിപ്പാലിറ്റികളും തനത് ഫണ്ടുപയോഗിച്ചാലും ചെലവുകള്‍ നിര്‍വഹിക്കാന്‍ തികയാത്ത സ്ഥിതിയാണ്. തനത് ഫണ്ട് ജനങ്ങള്‍ക്ക് ഭാരമാകാത്തവിധം വര്‍ധിപ്പിച്ചില്ളെങ്കില്‍ സ്തംഭനാവസ്ഥയുണ്ടാകും. വരുമാനം സ്ഥായിയായി നില്‍ക്കുകയും ചെലവ് വര്‍ഷംതോറും വര്‍ധിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഭൂനികുതിയും നികുതിയേതര വരുമാനങ്ങളും കാലാനുസൃതമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടൂറിസം മേഖലകളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ക്വാറി മേഖലകളില്‍നിന്ന് കൂടുതല്‍ വരുമാനം ഉറപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നികുതിവലയത്തില്‍പെടാത്ത നികുതി മേഖലകളെ പിരിവിന്‍െറ പരിധിയില്‍ കൊണ്ടുവരും. ലൈസന്‍സ് ഫീസ്, വിനോദ വരുമാനം എന്നീ നികുതിയേതര വരുമാനങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണം.
അതേസമയം, നികുതി കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ പിന്നിലാണ്. മൊത്തം 222 കോടിയാണ് നികുതിയിനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിരിഞ്ഞുകിട്ടാനുള്ളത്.

തൊഴില്‍നികുതി
പരിഷ്കരിക്കാന്‍ ആവശ്യപ്പെടും

തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന തൊഴില്‍നികുതി പരിഷ്കരിക്കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.ടി. ജലീല്‍. താഴ്ന്ന ശമ്പളം വാങ്ങുന്നവരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും പരമാവധി 2,500 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്.

വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നടപടി
അനധികൃതമായി ബോര്‍ഡ് പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പി.സി. ജോര്‍ജിനെ അറിയിച്ചു. മോട്ടോര്‍വാഹന വകുപ്പില്‍ 18 ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ട്. വിവിധ ചെക് പോസ്റ്റുകളില്‍നിന്ന് 3.79 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ പഴയ സൂചനാ ബോര്‍ഡുകള്‍ മാറ്റും
കെ.എസ്.ആര്‍.ടി.സി ബസുകളിലെ കാലപ്പഴക്കം ചെന്ന സൂചനാബോര്‍ഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാലപ്പഴക്കം മൂലം ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയില്ളെന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

1511 സര്‍ക്കാര്‍ ഓഫിസുകള്‍ വാടകക്കെട്ടിടത്തില്‍
സംസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടിസ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. 1511 സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ -148, കോഴിക്കോട് -144, തിരുവനന്തപുരം -142, കൊല്ലം -136, എറണാകുളം -113, കോട്ടയം- 116.

രണ്ടുപേര്‍ക്ക് കോളറ
സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും സമീപത്തുമായി റിപ്പോര്‍ട്ട് ചെയ്ത വയറിളക്കരോഗങ്ങളില്‍ രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
രോഗബാധിതരാണെന്ന് സംശയിക്കുന്ന നാലുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ജൂലൈ 14 മുതല്‍ 17 വരെ കുറ്റിപ്പുറം ഭാഗത്തുനിന്ന് ഛര്‍ദി, അതിസാരം എന്നിവ ബാധിച്ച 84 പേര്‍ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കുറ്റിപ്പുറം സി.എച്ച്.സിയില്‍ ചികിത്സ തേടിയവരില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കുകയും നാലുപേരെ നിരീക്ഷണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിലെ ജില്ലാതല അന്വേഷണ സംഘത്തിന്‍െറ വിശദമായ പരിശോധനയില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ രണ്ടു ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് ഈ ഹോട്ടലുകള്‍ അടച്ചിടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റിപ്പുറം ടൗണിലെ ഓടകള്‍ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞ് അടഞ്ഞനിലയിലാണ്. അടിയന്തരമായി ഓടകള്‍ വൃത്തിയാക്കുകയും ഖരമാലിന്യം സംസ്കരിക്കുകയും ചെയ്യാന്‍ പഞ്ചായത്ത്, മരാമത്ത് വിഭാഗങ്ങള്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്. സംശയംതോന്നിയ ഭൂജലവിതരണപദ്ധതി നിര്‍ത്തിവെപ്പിക്കുകയും സംശയാസ്പദമായ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്‍െറയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്ത് മൂന്ന് ലാബുകളിലാണ് പരിശോധന നടക്കുന്നത്. ലാബുകളില്‍ സൗകര്യമില്ലാത്തതുമൂലം പരിശോധന മുടങ്ങിയിട്ടില്ളെന്നും മന്ത്രി അറിയിച്ചു.

കാലവര്‍ഷക്കെടുതി മൂലം 13.63 കോടിയുടെ നഷ്ടം
2016-15 വര്‍ഷത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം 13.63 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 6.5 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് എല്ലാ വിളകള്‍ക്കും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിലവില്‍ 491269.6634 ഏക്കര്‍ നെല്‍വയലുകളുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിയമാനുസൃതം 1379.887 ഹെക്ടര്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ ഏത് അംഗീകൃത ഏജന്‍സികളില്‍നിന്ന് വിത്തുവാങ്ങിയാലും സബ്സിഡി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:വിത്ത് ബാങ്ക്
Next Story