Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ് വധം:...

സിദ്ദീഖ് വധം: സി.സി.ടി.വി ദൃശ്യം പ്രതിയുടെ തന്ത്രങ്ങള്‍ പൊളിച്ചു

text_fields
bookmark_border
സിദ്ദീഖ് വധം: സി.സി.ടി.വി ദൃശ്യം പ്രതിയുടെ തന്ത്രങ്ങള്‍ പൊളിച്ചു
cancel

മാഹി: പൊലീസിനെ കുഴക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങള്‍ മെനഞ്ഞ പെരിങ്ങാടി മമ്മിമുക്കിലെ സിദ്ദീഖ് വധക്കേസ് പ്രതി യൂസുഫിനെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍. തെളിവുകളില്ലാതാക്കാന്‍ ഏറെ ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകത്തിനൊരുങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് വീണുകിട്ടിയ മൊബൈല്‍ ഫോണും സഞ്ചിയും ഖബര്‍സ്ഥാനില്‍ കൊണ്ടുവെച്ചതും ഇതിന്‍െറ ഭാഗമായിരുന്നു. കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക ബെല്ലാരി സ്വദേശി ശിവരാമന്‍ എന്ന കിണര്‍ ജോലിക്കാരനാണ് ഇതിന്‍െറ ഉടമ. ഫെബ്രുവരി 14നുശേഷം ഈ മൊബൈല്‍ ഉപയോഗിച്ചിട്ടില്ളെന്ന് ശിവരാമനെ കണ്ട് പൊലീസ് വ്യക്തത വരുത്തിയിരുന്നു. മാഹിയില്‍ മദ്യപിക്കാനത്തെിയപ്പോള്‍ ഇയാളില്‍നിന്ന് നഷ്ടപ്പെട്ടതാണ് ഇവയെന്നും പൊലീസ് കണ്ടത്തെി.

ധനാപഹരണം ലക്ഷ്യമാക്കിയ പ്രതി പള്ളിയുടെ പിന്‍ഭാഗത്തുകൂടെയായിരുന്നു കോമ്പൗണ്ടില്‍ പ്രവേശിച്ചത്. സമീപത്തെ ഫ്യൂച്ചര്‍ പ്ളാസ്റ്റിക് കമ്പനി റോഡിന് അഭിമുഖമായിവെച്ച സി.സി.ടി.വി കാമറയില്‍ പെടാതിരിക്കാനായിരുന്നു ഈ തന്ത്രം. എന്നാല്‍, സിദ്ദീഖ് പള്ളിയില്‍ കയറുന്നത് കാമറയില്‍ പതിഞ്ഞിരുന്നു. ഇദ്ദേഹം തിരിച്ചുവരുന്നത് ദൃശ്യത്തിലില്ലാത്തതാണ് കേസന്വേഷണത്തിന് സഹായകമായത്. സംശയിക്കുന്നവരുടെ കൂട്ടത്തില്‍പെട്ടാല്‍ രക്ഷപ്പെടുന്നതിനും യൂസുഫ് വഴികണ്ടിരുന്നു. സമീപത്തെ വീടുകളില്‍ പണം വാങ്ങാന്‍ പോയത് ഇതിനായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.

റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഖബര്‍സ്ഥാന് സമീപമുള്ള തറവാട്ട് വീടിനോട് ചേര്‍ന്ന വഴിയിലൂടെയാണ് ഇയാള്‍ പള്ളിയിലത്തെിയത്. കാലപ്പഴക്കത്താല്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള തറവാട് വീട്ടില്‍ ആള്‍താമസമില്ല. ഈ കുടുംബസ്വത്ത് സംബന്ധിച്ച് സിവില്‍ കോടതിയില്‍ വ്യവഹാരങ്ങള്‍ നിലവിലുണ്ട്. 2012ല്‍ ഭാര്യാസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂസുഫ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കേസ് ഇപ്പോള്‍ അപ്പീലിലാണ്.

മൃതദേഹം കുഴിയില്‍ ഒളിപ്പിച്ചശേഷം സിദ്ദീഖിന്‍െറ ചെരിപ്പുകളും മണ്‍വെട്ടിയും തൊട്ടടുത്ത് കാടുമൂടിയ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. സിദ്ദീഖില്‍നിന്ന് കവര്‍ന്ന മൂപ്പതിനായിരത്തില്‍പരം രൂപയുമായി കൂത്തുപറമ്പിലെ വീട്ടിലേക്ക് പോയ ഇയാള്‍ ഇതില്‍ 28,500 രൂപ വീടുനിര്‍മാണത്തിന് ചെങ്കല്ല് ഇറക്കിയയാള്‍ക്ക് അന്നുതന്നെ നല്‍കി. ഇതിനിടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചെന്ന് ഒ.പി ടിക്കറ്റെടുത്ത് താന്‍ ആശുപത്രിയിലും പോയതായി തെളിവുണ്ടാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യൂസുഫ് ചെങ്കല്ല് ഇറക്കിയ ആളെ വിളിച്ചുവരുത്തി തുക നല്‍കിയത് നിര്‍ണായക തെളിവായി.
കൊല്ലപ്പെട്ട സിദ്ദീഖിന്‍െറ അകന്ന ബന്ധുവായ പ്രതി ചെറുപ്പകാലം മുതല്‍ അടുത്തിടപഴകുന്ന സുഹൃത്ത് കൂടിയാണ്. ഖബറിടത്തിന് കുഴിയെടുക്കുന്ന ജോലിയും സിദ്ദീഖ് നടത്തുന്ന കടയില്‍നിന്ന് മരണവീടുകളിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതും തുടങ്ങിയതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. കേസുകള്‍ നടത്താനും വീടുപണിക്കും പണം കണ്ടത്തൊനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കകം കേസ് തെളിയിക്കാനായതില്‍ അഭിമാനിക്കുകയാണ് പൊലീസ്. നാട്ടുകാരുടെ സഹകരണവും ഏറെ ഗുണം ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story