പി.കെ. ഹനീഫയെ ന്യൂനപക്ഷ കമീഷന്‍െറയും അബ്ദുല്‍ വഹാബിനെ മൈനോറിറ്റി ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍െറയും ചെയര്‍മാന്മാരാക്കും
text_fieldsകണ്ണൂര്‍: റിട്ട. ജില്ലാ ജഡ്ജിയും ഹൈകോടതി മുന്‍ വിജിലന്‍സ് രജിസ്ട്രാറുമായ പി.കെ. ഹനീഫയെ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതിന് ധാരണയായതായി അറിയുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍െറ ചെയര്‍മാനായി ഐ.എന്‍.എല്‍ നേതാവ് എ.പി. അബ്ദുല്‍ വഹാബിനെ നിയമിക്കാനും തീരുമാനിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി അറിയുന്നു.
2008ല്‍ നിലവില്‍ വന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ 2013ലാണ് ന്യൂനപക്ഷ കമീഷന്‍ നിലവില്‍ വന്നത്. പ്രഥമകമീഷന്‍ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് അഡ്വ.എം. വീരാന്‍കുട്ടിയും അംഗങ്ങളായി അഡ്വ.വി.വി. കോശി, അഡ്വ.എം. മറിയുമ്മ എന്നിവരെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചു. കമീഷന്‍െറ മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ജൂണ്‍ പത്തിന് അവസാനിച്ചിരുന്നു.
മുന്‍ മന്ത്രി ടി.കെ. ഹംസ ഉള്‍പ്പെടെയുള്ളവരെ ഈ പദവിയിലേക്ക് ഇടതുമുന്നണി പരിഗണിച്ചിരുന്നുവെങ്കിലും രാഷ്ട്രീയാതീതമായി കമീഷന്‍ പുന:സംഘടിപ്പിക്കണമെന്ന നിര്‍ദേശത്തെ തുടന്നാണ് റിട്ട. ജഡ്ജിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കമീഷനിലെ മറ്റ് അംഗങ്ങളെ പിന്നീട് നിയമിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാഥിയായി മത്സരിച്ചു തോറ്റ വഹാബിനെ രാഷ്ട്രീയ സഖ്യ കക്ഷി എന്ന പരിഗണനയോടെയാണ് മൈനോറിറ്റി ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്.
ചെര്‍ക്കളം അബ്ദുല്ലയായിരുന്നു മുന്‍ ചെയര്‍മാന്‍. കേന്ദ്ര ഫണ്ട് ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ പദ്ധതികളുള്ള കോര്‍പറേഷനെ സജീവമാക്കി സമുദായവുമായി കൂടുതല്‍ അടുക്കാന്‍ പാലം പണിയാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള മദ്റസ അധ്യാപക ക്ഷേമനിധിയുടെ മോണിറ്ററിങ് കമ്മിറ്റിയും പുന:സംഘടിപ്പിക്കാന്‍ ആലോചനയുണ്ട്.
എന്നാല്‍, ഈ കമ്മിറ്റിയില്‍ മിക്ക മുസ്ലിം സംഘടനകളുടെയും പ്രാതിനിധ്യം കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പ് വരുത്തിയതിനാല്‍ പുന:സംഘടന ആവശ്യമെങ്കില്‍ മാത്രം മതിയെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.