മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്; പിണറായി ഡല്‍ഹിയില്‍
text_fieldsന്യൂഡല്‍ഹി: സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അന്തര്‍സംസ്ഥാന സമിതി യോഗം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തി. സബ്സിഡി, പൊതുസേവന, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്ന പദ്ധതിക്ക് ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത് വിപുലപ്പെടുത്തുന്ന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച പുഞ്ചി കമീഷന്‍ ശിപാര്‍ശകള്‍, സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളും അജണ്ടയിലുണ്ട്. കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ ഐ.എസിലത്തെിയെന്ന നിഗമനങ്ങളെക്കുറിച്ച് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേരളം വിശദീകരണം നല്‍കിയേക്കും. മുഖ്യമന്ത്രിമാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും പുറമെ, ആറു കേന്ദ്രമന്ത്രിമാരും 11 സഹമന്ത്രിമാരും സമിതിയിലെ ക്ഷണിതാക്കളാണ്. യോഗത്തില്‍ പങ്കെടുക്കുന്നതിനു പുറമെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്‍റില്‍ ഉന്നയിക്കേണ്ട കേരള വിഷയങ്ങളില്‍ പൊതുധാരണ രൂപപ്പെടുത്തുന്നതിന് സംസ്ഥാന എം.പിമാരുടെ യോഗം ഞായറാഴ്ച കേരള ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
