മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു
text_fieldsആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുരുക്ക് മുറുകുന്നു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനുള്ള പോംവഴികളൊന്നും മുന്നിലില്ല. കുറ്റം ചെയ്തിട്ടില്ളെന്നും തട്ടിപ്പിനെക്കുറിച്ച് ഒന്നും അറിയില്ളെന്നുള്ള വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലില്‍ കഴമ്പില്ളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2014ല്‍ വയനാട് പുല്‍പള്ളി യൂനിയനില്‍ നടന്ന അരക്കോടിയുടെ ക്രമക്കേട് പിന്നാക്ക വികസന കോര്‍പറേഷന്‍ നടത്തിയ പരിശോധനയിലാണ് വെളിപ്പെട്ടത്. തുടര്‍ന്ന്, തൃക്കരിപ്പൂരിലും സമാന ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു. പത്തനംതിട്ടയില്‍ യൂനിയന്‍ പ്രസിഡന്‍റും പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്ന പത്മകുമാറിന് മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടിയുംവന്നു. തിരുവല്ല യൂനിയനിലെ ക്രമക്കേട് സംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 13 കേസ് എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നിരുന്നു. വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ അടക്കമുള്ളവര്‍ സമരമുഖത്ത് ഇറങ്ങിയതോടെ പല കേസും ഒത്തുതീര്‍പ്പാക്കാന്‍ യോഗം നേതൃത്വംതന്നെ ഭരണതലത്തില്‍ സ്വാധീനം ചെലുത്തിയ സംഭവങ്ങളും ഉണ്ടായി. ജൂണില്‍ കന്യാകുമാരിയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം നേതൃപരിശീലന ക്യാമ്പിന്‍െറ ഉദ്ഘാടനവേദിയില്‍ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് ഉണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി സമ്മതിച്ചിരുന്നു. ചില യൂനിയന്‍ നേതാക്കളാണ് വീഴ്ച വരുത്തിയതെന്നും അഞ്ചുകോടി രൂപവരെ കൈവശപ്പെടുത്തിയ നേതാക്കളുണ്ടെന്നും വെള്ളാപ്പള്ളി തുറന്നടിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കൃത്യമായ തെളിവുകള്‍ സമ്പാദിച്ച് വെള്ളാപ്പള്ളി അടക്കമുള്ള അഞ്ചുപേരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കാര്യങ്ങള്‍ കീഴ്മേല്‍മറിഞ്ഞു. സംഘടനാസംവിധാനം ഉപയോഗിച്ചും നിയമപരമായും കേസിനെ നേരിടുമെന്നാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ പരസ്യം ഉള്‍പ്പെടെ നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
നോണ്‍ ട്രേഡിങ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട എസ്.എന്‍.ഡി.പി യോഗത്തിന് മൈക്രോ ഫിനാന്‍സ് അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുമതിയില്ല. തന്നെയുമല്ല, റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.എസ്. അച്യുതാനന്ദന്‍െറ കര്‍ക്കശ നിലപാടിന് മുന്നില്‍ മുഖ്യമന്ത്രി വഴങ്ങുകയായിരുന്നെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അര്‍ഥശൂന്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പിയെ കൂട്ടുപിടിച്ച് വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള യോഗനേതൃത്വത്തിന്‍െറ നീക്കവും തുടക്കത്തിലേ പാളി. കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനയില്‍ വഞ്ചിതരായ എസ്.എന്‍.ഡി.പി വനിതാ പ്രവര്‍ത്തകരുടെ ആശങ്ക അകറ്റാന്‍ സഹായകമായ ഒന്നുമില്ല.
അതേസമയം, ഇത്തരക്കാരുടെ പിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായിട്ടുണ്ടെന്നുള്ള വിലയിരുത്തല്‍ സി.പി.എമ്മിനുണ്ട്. വെള്ളാപ്പള്ളിയെ പൂട്ടാനുള്ള ഏതവസരവും വിനിയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്.