ആദ്യമെത്തിയത് ‘ഗവേഷണ’ത്തിന്, പിന്നെ മരത്തടിയിലേറിയും
text_fieldsകൊച്ചി: ആദ്യമത്തെിയത് ഗവേഷണ പദ്ധതിയുടെ ഭാഗമായി; പിന്നെ മരത്തടിയിലേറിയും. കേരളം കീഴടക്കിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഒച്ച് കേരളത്തിലത്തെിയത് ഇങ്ങനെ. ആഫ്രിക്കന്‍ ഒച്ചിനെ കൊല്ലണോ വേണ്ടേ എന്ന കാര്യത്തില്‍ വിദഗ്ധര്‍ തര്‍ക്കിക്കുമ്പോഴും പാസ്പോര്‍ട്ടും വിസയുമില്ലാതെ എത്തിയ ഈ വിദേശിയെക്കൊണ്ട് നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കൃഷിത്തോട്ടങ്ങളിലും വീട്ടുചുമരുകളിലും നിത്യസാന്നിധ്യമായി മാറിയ ശല്യക്കാരിയായി മാറിയിരിക്കുകയാണിവ.
അധിനിവേശകാരികളായ കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന്‍െറ ഭാഗമായി പാലക്കാട് സ്വദേശിയാണ് ആദ്യമായി ഇവയെ കേരളത്തിലത്തെിച്ചതെന്ന് അധിനിവേശ ജീവികള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് രൂപവത്കരിച്ച ഏഷ്യാ പസഫിക് ഫോറസ്റ്റ് ഇന്‍വേസിവ് സ്പീഷിസ് നെറ്റ്വര്‍ക് കോഓഡിനേറ്റര്‍ ഡോ. ടി.വി. സജീവ് വിശദീകരിക്കുന്നു. അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ചെയ്ത പാലക്കാട് സ്വദേശി പക്ഷേ, പിതാവിന്‍െറ മരണവും മറ്റും കാരണമായി ഗവേഷണം പാതിവഴിയില്‍ നിര്‍ത്തി. അങ്ങനെയാണ് ആഫ്രിക്കന്‍ ഒച്ചിനെ കേരളത്തില്‍ ആദ്യം കാണുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ ഇവ പെരുകാന്‍ കാരണം വിദേശത്തുനിന്ന് എത്തുന്ന മരത്തടികളാണ്. കേരളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുത്തനെ വര്‍ധിക്കുകയും മരം കിട്ടാതാവുകയും ചെയ്തതോടെ വന്‍തോതില്‍ വിദേശ മരത്തടികള്‍ ഇറക്കുമതി ചെയ്തുതുടങ്ങി. മ്യാന്മര്‍, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം കപ്പലുകണക്കിന് മരത്തടികളും ഉരുപ്പടികളും കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന വെലിങ്ടണ്‍ ഐലന്‍ഡിലത്തെി. ഇവയിലേറിയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കേരളത്തിലത്തെിയത്. സമീപവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളെ ഏറ്റവുമധികം കാണപ്പെട്ടതും വെലിങ്ടണ്‍ ഐലന്‍ഡിലാണ്.
ഇപ്പോള്‍ കേരളത്തില്‍ 136 കേന്ദ്രങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്‍െറ സാന്നിധ്യം വന്‍തോതില്‍ കണ്ടുവരുന്നുണ്ട്. വെലിങ്ടണ്‍ ഐലന്‍ഡിലും തിരുവനന്തപുരം ചാലയിലും ഇവയുടെ ശല്യംകാരണം ജനം വീടൊഴിഞ്ഞുപോകേണ്ട അവസ്ഥയുമുണ്ടായി. വീടുകള്‍ക്കുള്ളിലേക്ക് ഇവ കടന്നുവരുന്നതിന് കാരണം ചുമരുകളില്‍ വെള്ളപൂശിയിരിക്കുന്നതിലെ കുമ്മായക്കൂട്ടാണ്. ഇവയെ ഭക്ഷിക്കുന്നതുപോയിട്ട് കൈകൊണ്ട് തൊടുന്നതുപോലും അപകടകരമാണെന്നാണ് വനം ശാസ്ത്രജ്ഞരുടെ പക്ഷം. ഇതിന്‍െറ ശരീരത്തിലുള്ള ആന്‍ജിയോസ്ട്രോങ്ങിലസ് കാന്‍റനെന്‍സിസ് എന്ന ശാസ്ത്രനാമത്തിലുള്ള വിര മസ്തിഷ്ക ചര്‍മവീക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാമെന്നും ഡോ. സജീവ് വിശദീകരിക്കുന്നു.