ആഫ്രിക്കന്‍ ഒച്ചിനെ കൊല്ലേണ്ട, വളര്‍ത്തി പണമുണ്ടാക്കാം
text_fieldsകൊച്ചി: നാട്ടുകാര്‍ക്ക് തലവേദനയായ ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കേണ്ട, വളര്‍ത്തി പണമുണ്ടാക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഞണ്ട്, ഞവണിക്ക ഗണത്തില്‍പ്പെടുന്ന ആഫ്രിക്കന്‍ ഒച്ചിനെ ഇപ്പോള്‍ത്തന്നെ ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. മത്സ്യത്തെക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്. ഇവിടെ മത്സ്യത്തിനും താറാവിനുമൊക്കെ തീറ്റയായെങ്കിലും ഉപയോഗിക്കാം. ഒപ്പം കയറ്റിയയക്കുകയുമാവാം. ഇവയുടെ കട്ടിയുള്ള പുറന്തോട് ആഭരണ, കൗതുകവസ്തു നിര്‍മാണത്തിനും ഉപയോഗിക്കാം. ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഒരേപോലെ ഭീഷണിയായ ആഫ്രിക്കന്‍ ഒച്ചിനെ എങ്ങനെ തുരത്താമെന്നതിന് വഴിതേടി കൊച്ചിയില്‍ നടത്തിയ സെമിനാറാണ് ഇതിന്‍െറ വിപണന സാധ്യതകളിലേക്കുള്ള ചര്‍ച്ചയായത്.
കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ, കേരള സമുദ്ര പഠന സര്‍വകലാശാല എന്നിവയിലെ ശാസ്ത്രജ്ഞരാണ് പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തോടെ ആഫ്രിക്കന്‍ ഒച്ചിന്‍െറ വിപണന സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് സി.എം.എഫ്.ആര്‍.ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി. ഇവയുടെ നശീകരണത്തിനാണെങ്കില്‍ താറാവിനെ വളര്‍ത്തിയാല്‍ മതി. താറാവുകള്‍ ഒച്ചിനെ ഭക്ഷിക്കും.
താറാവ് വളര്‍ത്തലിന് സൗകര്യമില്ലാത്തവര്‍ക്ക് ഉപ്പുവെള്ളം, വിനാഗിരി, പുകയിലവെള്ളം, കാപ്പിപ്പൊടി കലക്കിയ വെള്ളം എന്നിവയെ ആശ്രയിക്കാം. ഇതില്‍ ഏറ്റവും ലളിത മാര്‍ഗം വിനാഗിരി തളിക്കലാണ്. ഉപ്പുവെള്ളം ഉപയോഗിക്കുന്നത് മറ്റു കൃഷികള്‍ക്ക് ദോഷകരമാകും. ഒച്ചുശല്യം അവസാനിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡ് സാമ്പത്തിക സഹായം ലഭ്യമാക്കും. ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതുസംബന്ധിച്ച് പഠനം നടത്തും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു.
കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന്‍, സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എന്‍.എഫ്.ഡി.സി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. സുഗുണന്‍, ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഡോ. ബഷീര്‍ എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.