ശബരിമല: ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല
text_fieldsന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശം സംബന്ധിച്ച ്നിലപാട് വ്യക്തമാക്കാന്‍ കേരളത്തിലെ പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തയാറായില്ല. സര്‍ക്കാര്‍ മാറിയശേഷം ശബരിമലയുടെ കാര്യത്തില്‍ നിലപാടില്‍ മാറ്റമുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി നല്‍കാതിരുന്ന കേരളത്തിന്‍െറ അഭിഭാഷകന്‍, കേസ് വിപുലമായ ഭരണഘടനാബെഞ്ചിന് വിടണമെന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍, ശബരിമല കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കേരള സര്‍ക്കാറിന്‍െറയും ദേവസ്വം ബോര്‍ഡിന്‍െറയും ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കാതിരുന്ന സുപ്രീംകോടതി കേസ് നവംബര്‍ ഏഴിന് വാദം കേള്‍ക്കാനായി മാറ്റിവെച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് എടുത്തുകളയണമെന്നായിരുന്നു മുന്‍ ഇടതുസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അതിന് വിരുദ്ധമായി വിലക്ക് തുടരണമെന്ന് ബോധിപ്പിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടാമത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തിങ്കളാഴ്ച പുതിയ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശിനൊപ്പം യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേരള സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വി. ഗിരി എഴുന്നേറ്റപ്പോള്‍ നിങ്ങള്‍ തന്നെയാണോ വാദിക്കുന്നതെന്നും പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നിലപാട് മാറിയില്ളേ എന്നും സുപ്രീംകോടതി ചോദിച്ചു. നിലവില്‍ നിലപാട് മാറ്റിയിട്ടില്ല എന്നായിരുന്നു അഡ്വ. ഗിരിയുടെ ആദ്യ പ്രതികരണം. കേസില്‍ കേരളം ഏറ്റവുമാദ്യം കൈകൊണ്ട നിലപാട് പിന്നീട് നല്‍കിയ സത്യവാങ്മൂലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയല്ളോയെന്ന് സുപ്രീംകോടതി തിരിച്ചുചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാതെ കേരളത്തിന്‍െറ അഭിഭാഷകന്‍ ഒഴിഞ്ഞുമാറി.
ആദ്യ സത്യവാങ്മൂലത്തിലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് രണ്ടാമത്തേതില്‍ മാറ്റിയതെന്നും ശബരിമല കേസിലെ ഭരണഘടനാപരമായ വിഷയങ്ങളൊന്നും മാറ്റിയിട്ടില്ളെന്നും എവിടെയും തട്ടാതെ അഡ്വ. ഗിരി പറഞ്ഞൊഴിഞ്ഞു. മത വിഷയങ്ങള്‍ ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന് കീഴില്‍ ചോദ്യം ചെയ്യാനാകുമോ എന്നതാണ് ഈ കേസിലെ പ്രശ്നമെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞപ്പോള്‍ വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 25ഉം 26ഉം അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പരിശോധിക്കേണ്ടതെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ അഡ്വ. കെ.കെ. വേണുഗോപല്‍ ഇടപെട്ടു. ശബരിമല ഒരു ‘കള്‍ട്ട്’ ആണെങ്കില്‍ അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടോയെന്നും ‘കള്‍ട്ടി’ന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോയെന്നും ഭരണഘടനാ പ്രകാരം ഇത് വിശദീകരിക്കാനാകുമോയെന്നും ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഇതിന് ശബരിമലയിലേത് ഒരു കള്‍ട്ട് അല്ളെന്നും സമുദായമാണെന്നും സാമുദായിക അവകാശങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും കെ.കെ. വേണുഗോപാല്‍ മറുപടിനല്‍കി.
അതോടെയാണ് സാമുദായിക അവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും കാര്യത്തില്‍ സന്തുലനം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
അവകാശങ്ങളുടെ സന്തുലനത്തില്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും നാം കാണേണ്ടിവരുമെന്നും സുപ്രീംകോടതി തുടര്‍ന്നു. ഈ സന്തുലനം നിര്‍വഹിക്കേണ്ടത് കോടതിയാണെന്ന് ശബരിമലയില്‍ സ്ത്രീപ്രവേശം വേണമെന്ന നിലപാടുള്ള അമിക്കസ് ക്യൂറി അഡ്വ. രാജുരാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനാപരമാണെന്ന് സമുദായം തെളിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ അത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും അതിനാല്‍ കേസ് വിപുലമായ ഭരണഘടനാബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ വാദിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമെന്ന് വാദിക്കുന്ന അമിക്കസ് ക്യൂറി അഡ്വ. രാമസ്വാമിയും ഈ ആവശ്യം സുപ്രീംകോടതിക്ക് മുമ്പാകെവെച്ചു. അപ്പോഴാണ് ഭരണഘടനയുടെ 145(3) വകുപ്പുപ്രകാരം കേസ് വിപുലമായ ഭരണഘടനാബെഞ്ചിന് വിടണമെന്ന് കേരളവും വാദിച്ചത്. എന്നാല്‍,അക്കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
ശബരിമല കേസില്‍ പുനര്‍വാദം നടക്കുമോ?
വാദംകേള്‍ക്കല്‍ അവസാനഘട്ടത്തിലത്തെിനില്‍ക്കേ ഇതുവരെ വാദംകേട്ട ബെഞ്ചിലെ രണ്ട് ജഡ്ജിമാരെ മാറ്റി പുതിയ ബെഞ്ചിന് മുമ്പാകെ കേസ് എത്തിയ സാഹചര്യത്തില്‍ ശബരിമല കേസില്‍ പുനര്‍വാദം വേണ്ടിവരുമോ എന്ന വിഷയം സുപ്രീംകോടതിക്ക് മുമ്പാകെയത്തെി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരെ മാറ്റി ജസ്റ്റിസുമാരായ സി. നാഗപ്പന്‍, ആര്‍. ഭാനുമതി എന്നിവരെ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുതുതായി വാദംകേള്‍ക്കേണ്ടിവരുമോ എന്ന് ഹരജിക്കാരികള്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് ജസ്റ്റിസ് ദീപക് മിശ്രയോട് ചോദിച്ചു. അക്കാര്യം താന്‍ പറയുമെന്ന് പ്രതികരിച്ച ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര, വാദംകേള്‍ക്കല്‍ തുടങ്ങിയിട്ടല്ളേ ഉള്ളൂ എന്ന് ഇന്ദിര ജയ്സിങ്ങിനോട് ചോദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.