സര്‍ക്കാര്‍ മെഡി. കോളജുകളില്‍ ഡോക്ടര്‍മാരുടെ 35 ശതമാനം തസ്തിക ഒഴിവ്
text_fieldsഗാന്ധിനഗര്‍ (കോട്ടയം): സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ 2210 തസ്തികകളില്‍ 548 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വിവരാവകാശ നിയമപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ആരോഗ്യമേഖലയിലെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ദിവസം ചെല്ലുന്തോറും ഒഴിവുകള്‍ കൂടുന്നതല്ലാതെ പരിഹാരനടപടി ഉണ്ടാവുന്നുമില്ല. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി 434 ഒഴിവാണുള്ളത്. പ്രഫസര്‍- 35, അസോ. പ്രഫസര്‍- 25, അസി. പ്രഫസര്‍ 119, ലെക്ചറര്‍- 255 എന്നിങ്ങനെയാണ് ഒഴിവുകളുടെ കണക്ക്. 2012ല്‍ 350 ഒഴിവ് മാത്രമായിരുന്നതാണ് 434ലേക്ക് ഉയര്‍ന്നത്. പുതിയ മെഡിക്കല്‍ കോളജുകളായ ഇടുക്കി, മഞ്ചേരി, കോന്നി, തിരുവനന്തപുരം എന്നിവയിലെ 114 ഒഴിവ് കൂടിയാകുമ്പോള്‍ ആകെ ഒഴിവുകള്‍ 548 ആകും.

പ്രവേശ കാഡര്‍ ആയ അസി. പ്രഫസര്‍/ലെക്ചറര്‍ വിഭാഗത്തില്‍ ഒഴിവുകള്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. പി.എസ്.സി നിയമനങ്ങളിലെ താമസവും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതുമാണ് പ്രധാന കാരണം. 30ലധികം റാങ്ക് ലിസ്റ്റുകളിലായി 1000ത്തിലേറെ പി.ജി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ താമസം. നാളുകളായി നിയമനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടക്കാത്തതും യഥാസമയം ജോലിക്കയറ്റം നല്‍കാത്തതുമാണ് ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ക്ക് കാരണം. ഈ നിയമനങ്ങള്‍ നടക്കാത്തതുമൂലം സംസ്ഥാനത്തെ 30 ശതമാനത്തിലധികം പി.ജി റെസിഡന്‍റ് ഡോക്ടര്‍മാരുടെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടമായിരിക്കുകയാണ്.
ഓരോ വര്‍ഷവും ഒ.പി വിഭാഗത്തില്‍ 10 മുതല്‍ 15 ശതമാനം വരെ രോഗികളുടെ വര്‍ധനയാണുള്ളത്. അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം നാല് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിക്കുന്നു. 10 വര്‍ഷം കൂടുമ്പോള്‍ ഒ.പിയിലത്തെുന്ന രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു. അഡ്മിറ്റാകുന്നവരുടെ എണ്ണം ഓരോ 15 വര്‍ഷവും ഇരട്ടിയാകുന്നു. ഇപ്പോഴും 1961ലെ തസ്തികാ നിര്‍ണയം അനുസരിച്ചാണ് തസ്തികകള്‍ വിന്യസിച്ചിരിക്കുന്നത്. തസ്തികകള്‍ വര്‍ധിപ്പിക്കേണ്ടതിനു പകരം ഓരോ വര്‍ഷവും പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
