ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമനം ലോകായുക്ത പരിശോധിക്കും
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് നാലുദിവസം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമന നടപടി പരിശോധിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും വകുപ്പുതലവന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയുടെ പകര്‍പ്പ് അയച്ചുകൊടുക്കാനും ലോകായുക്ത ഉത്തരവിട്ടു.
ഡയറക്ടര്‍ പി. സുരേഷ്കുമാറിന്‍െറ നിയമനത്തില്‍ സ്വജനപക്ഷപാതിത്വവും അഴിമതിയും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ്നടപടി. ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഡയറക്ടര്‍ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ അഡ്വ. വിനോദ്കുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ചട്ടങ്ങള്‍ ലംഘിച്ചാണ് ഐ.എച്ച്.ആര്‍.ഡിയില്‍ സുരേഷ്കുമാറിന് പ്രമോഷന്‍ ലഭിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കവേയാണ് ഡയറക്ടര്‍ ആയി കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് നിയമിച്ചത്. ചേര്‍ത്തല ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു ഇദ്ദേഹം.
നിയമസഭയുടെ പരാതികള്‍ പരിശോധിക്കുന്ന സമിതിയും അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ട് പ്രകാരം നിയോഗിച്ച സാങ്കേതിക സമിതിയും സ്ഥാനക്കയറ്റം നിയമവിരുദ്ധമെന്ന് കണ്ടത്തെിയിരുന്നു. ഡയറക്ടര്‍ നിയമനത്തിനുള്ള അപേക്ഷയില്‍ സുരേഷ്കുമാര്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളതായി പരാതി ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന് പരിചയ സര്‍ട്ടിഫിക്കറ്റും വിജിലന്‍സ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ തയാറായില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയോ റാങ്ക്പട്ടിക തയാറാക്കുകയോ ചെയ്തിട്ടില്ളെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിനാണ് സുരേഷ്കുമാര്‍ ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.