കാസര്‍കോട് കോട്ട വില്‍പന: ഗൂഢാലോചന തെളിഞ്ഞെന്ന് വിജിലന്‍സ്
text_fieldsകാസര്‍കോട്: ചരിത്ര സ്മാരകമായ കാസര്‍കോട് കോട്ടയുള്‍പ്പെടുന്ന 5.41 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വില്‍പന നടത്തിയതിനു പിന്നിലെ ഗൂഢാലോചന വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. ഭൂമിയുടെ യാഥാര്‍ഥ ഉടമകളായ ചന്ദാവര്‍ക്കര്‍ കുടുംബത്തില്‍ ഒരാളുടെ സഹായത്തോടെ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ എസ്.ജെ. പ്രസാദും പ്രമുഖ അഭിഭാഷകന്‍ വെങ്കട്ടരമണ ഭട്ടും ചേര്‍ന്നാണ് ഭൂമി വ്യാജരേഖ ചമച്ച് വില്‍പന നടത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. രഘുനാഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമി വാങ്ങുന്നതിനായി കേരള കോണ്‍ഗ്രസ് നേതാവ് സജി ചെറിയാന്‍, സി.പി.എം, സി.പി.ഐ അനുഭാവികളും കരാറുകാരുമായ ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവരെ കൂടെ ചേര്‍ക്കുകയുമായിരുന്നു. ഭൂമിയുടെ ഒരു ഭാഗം എസ്.ജെ. പ്രസാദിന് ലഭിച്ചു. 2015 ജൂണ്‍ 27ന് ‘മാധ്യമ’മാണ് കോട്ട വില്‍പന പുറത്തുകൊണ്ടുവന്നത്.
1903ലാണ് ഭൂമി ചന്ദാവര്‍ക്കര്‍ കുടുംബത്തിന് പാട്ടത്തിന് നല്‍കിയത്. പിന്നീട് വില്‍പനാധികാരമില്ലാതെ പട്ടയം കിട്ടി. പട്ടയം ലഭിച്ചകാര്യം പുറത്തറിഞ്ഞാല്‍ കോട്ടഭൂമിയിലെ കുടിയാന്മാര്‍ക്ക് ഭൂമി നല്‍കേണ്ടിവരും എന്നതിനാല്‍ ഇക്കാര്യം മറച്ചുവെച്ച് 1903ലെ പാട്ട ഭൂമിയെന്ന നിലയില്‍ ഭൂമിയുടെ നടത്തിപ്പ് അവകാശമുള്ള അശ്വിന്‍ ചന്ദാവര്‍ക്കര്‍ക്കുവേണ്ടി വെങ്കിട്ടരമണ ഭട്ട് കേസ് നടത്തി. ഇത് ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന് വിജിലന്‍സ് വിശേഷിപ്പിച്ചു. 1932ല്‍ പട്ടയം നല്‍കിയതായി കാസര്‍കോട് താലൂക്ക് ഓഫിസ് രേഖകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്‍െറ ഒറിജിനല്‍ രേഖ ലഭ്യമല്ല. പൂര്‍ണ അധികാരത്തില്‍ ഭൂമി നല്‍കാന്‍ കഴിയില്ളെന്ന്് സുപ്രീംകോടതി വിധിച്ചിരുന്നു. ഭൂമി പിന്നീട് സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലായി.
1996ല്‍ സി.പി.എം നേതാവ് എസ്.ജെ. പ്രസാദ് കാസര്‍കോട് നഗരസഭാ ചെയര്‍മാനായപ്പോഴാണ് ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നതെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.
വെങ്കട്ടരമണ ഭട്ടും അശ്വിന്‍ ചന്ദാവര്‍ക്കറും സജി ചെറിയാനും കരാറുകാരും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിക്ക് നികുതി അടച്ച് ഉടന്‍ തന്നെ വില്‍പനയും നടത്തി.കേസില്‍ പ്രതികളായ ചന്ദാവര്‍ക്കര്‍ കുടുംബത്തിലെ അശ്വിന്‍ ചന്ദാവര്‍ക്കര്‍, ആനന്ദ റാവു, ദേവിദാസ്, മഞ്ജുള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. അശ്വിനും വെങ്കിട്ടരമണ ഭട്ടും എസ്.ജെ. പ്രസാദും ചേര്‍ന്ന് നടത്തിയ വില്‍പന തങ്ങള്‍ അറിഞ്ഞിരുന്നില്ളെന്ന് അശ്വിന്‍ ഒഴികെയുള്ളവര്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബത്തിലെ മറ്റു പ്രതികളായ ലളിതാ ചന്ദാവര്‍ക്കര്‍, രാജരാമ റാവു, അനൂപ എന്നിവര്‍ മരിച്ചു. അശ്വിനും മഞ്ജുളയും കാസര്‍കോട് വന്ന് വിജിലന്‍സിന് മൊഴി നല്‍കി. മറ്റുള്ളവരെ ബംഗളൂരുവില്‍ പോയാണ് ചോദ്യം ചെയ്തതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. രഘുനാഥന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
