തൊണ്ടിമുതല്‍ ഉടമക്ക് നല്‍കാന്‍ കേസ് തീരുംവരെ കാത്തിരിക്കേണ്ട –ഹൈകോടതി
text_fieldsകൊച്ചി: അറസ്റ്റിലായ മോഷ്ടാവില്‍നിന്ന് പിടിച്ചെടുത്തത് മോഷണ വസ്തുവാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇത് ഉടമക്ക് വിട്ടുനല്‍കുന്നതിന് കേസ് തീരുംവരെ കാത്തിരിക്കേണ്ടതില്ളെന്ന് ഹൈകോടതി. അന്വേഷണവുമായി ബന്ധപ്പെട്ടോ വിചാരണ വേളയിലോ ആവശ്യപ്പെട്ടാല്‍ കോടതിയില്‍ എത്തിക്കണമെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെ തൊണ്ടി വസ്തു കോടതി മുഖേന ഉടമക്ക് നല്‍കാമെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍െറ ഉത്തരവ്.കാലടി കാഞ്ഞൂര്‍ സ്വദേശിനി ചിന്നമ്മയെന്ന അന്നക്കുട്ടിയില്‍നിന്ന് മോഷ്ടാവ് അപഹരിച്ച പണം അവര്‍ക്ക് കൈമാറാന്‍ കീഴ്കോടതിയോട് കോടതി നിര്‍ദേശിച്ചു. പണം തിരികെ നല്‍കണമെന്ന ആവശ്യം തള്ളിയതിനെതിരെ അന്നക്കുട്ടി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
കഴിഞ്ഞ മാര്‍ച്ച് 27നാണ് ഹരജിക്കാരിയുടെ വീട്ടില്‍ മോഷണം നടന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് ഹരജിക്കാരിയെ മര്‍ദിച്ച് അവശയാക്കിയശേഷം 12,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ കാലടി പൊലീസ് ഹരജിക്കാരിയില്‍ നിന്നടക്കം മോഷ്ടിച്ച പണവും വസ്തുക്കളും പിടിച്ചെടുത്തു. ഇത് പൊലീസ് സ്ഥിരീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കി. ഇതിനിടെ തൊണ്ടി മുതല്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അന്നക്കുട്ടി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം നടക്കുന്ന കേസില്‍ ഇത് വിട്ടുകൊടുക്കാനാവില്ളെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ ആവശ്യം തള്ളി. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സുന്ദര്‍ലാല്‍ അംബാഭായി കേസിലെ സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച കോടതി അന്വേഷണം നടക്കുന്നതുകൊണ്ട് തൊണ്ടി മുതല്‍ ഉടമക്ക് വിട്ടുനല്‍കാതിരിക്കേണ്ട കാര്യമില്ളെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ആവശ്യമായി വരുമ്പോള്‍ തൊണ്ടിമുതല്‍ ഹജരാക്കാമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ ഉടമക്ക് തന്നെ സൂക്ഷിക്കാന്‍ കോടതി മുഖേന മടക്കി നല്‍കാം.തൊണ്ടിമുതലിന്‍െറ ഫോട്ടോഗ്രാഫ് എടുക്കുകയും വസ്തു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും എഴുതി സൂക്ഷിക്കുകയും വേണം. കേസുമായി ബന്ധപ്പെട്ട ആവശ്യം തീരുന്നത് വരെ തൊണ്ടിമുതല്‍ തുടര്‍ന്നും സുരക്ഷിതമായിരിക്കാനുള്ള സംവിധാനം ഉറപ്പാക്കിയശേഷം ഇത് വിട്ടു നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍െറ ജീവന്‍ രക്ഷിക്കാന്‍ മോഷ്ടാവിന് നല്‍കിയതാണ് അപഹരിക്കപ്പെട്ട പണമെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.
അതിനാല്‍, ആവശ്യമുള്ള സമയത്ത് ഹാജരാക്കാമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ മറ്റ് ഉപാധികള്‍ പാലിച്ച് മോഷ്ടാവില്‍നിന്ന് പിടിച്ചെടുത്ത തുക ഹരജിക്കാരിക്ക് തിരികെ നല്‍കാന്‍ സിംഗ്ള്‍ബെഞ്ച് മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
