സാംസ്കാരിക ഏകത ആര്‍.എസ്.എസ് അജണ്ട –ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന്‍െറ സാധ്യത പരിശോധിക്കാന്‍ നിയമകമീഷന് നിര്‍ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാംസ്കാരിക ഏകതയിലൂടെ സംഘ്പരിവാര്‍രാഷ്ട്രം നിര്‍മിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. വര്‍ഗീയധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ആര്‍.എസ്.എസിന്‍െറ പതിവ് രീതി യു.പി തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആവര്‍ത്തിക്കുകയാണ്.
അയോധ്യയിലെ ക്ഷേത്രനിര്‍മാണം, ഏക സിവില്‍ കോഡ് തുടങ്ങിയ ധ്രുവീകരണ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ബി.ജെ.പി അധികാരം നേടിയത്. വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭരണഘടനാസമീപനത്തിന്‍െറ ഭാഗമാണ് വ്യത്യസ്ത വ്യക്തിനിയമങ്ങള്‍. അത് അവസാനിപ്പിച്ച് രൂപപ്പെടുന്ന ഏകീകൃത നിയമം സംഘ്പരിവാര്‍ ആശയധാരയും സവര്‍ണനിലപാടുകളും ചേര്‍ന്നതായിരിക്കും. ഐക്യത്തിന്‍െറ പേരില്‍ പ്രത്യേക വീക്ഷണങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് കേന്ദ്രം തുടക്കം മുതല്‍ സ്വീകരിക്കുന്നത്.
ഏതെങ്കിലും വ്യക്തിനിയമങ്ങളില്‍ വിവേചനമോ അസമത്വമോ ഉണ്ടെങ്കില്‍ അതത് ജനവിഭാഗങ്ങളുടെ ഇടയില്‍ ആഭ്യന്തരചര്‍ച്ചയിലൂടെ അത് പരിഷ്കരിക്കുകയാണ് വേണ്ടത്. അത്തരം ശ്രമങ്ങളെ പോലും തടയുന്നത് ഏക സിവില്‍ കോഡ് വാദമാണ്. ആഭ്യന്തരപരിഷ്കരണ ശ്രമങ്ങള്‍ക്ക് ശക്തിപകര്‍ന്ന് പരിഹരിക്കാവുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമം രാജ്യത്തെ കൂടുതല്‍ അസ്വസ്ഥമാക്കും. സംഘ്പരിവാറിന്‍െറ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
