മര്‍ദനമേറ്റ ഭിന്നലിംഗക്കാര്‍ ചികിത്സയില്‍; കേരളത്തില്‍ ജീവിക്കേണ്ടെന്ന് പൊലീസ്
text_fieldsകൊച്ചി: രണ്ടാഴ്ച മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ തിരിച്ചത്തെിയത്. കുറച്ചുകാലത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10.30ഓടെ സുഹൃത്തുമൊത്ത് വളഞ്ഞമ്പലത്ത് ബംഗളൂരുവില്‍ നിന്നത്തെുന്ന അമ്മയെ കാത്തു നില്‍ക്കുമ്പോഴാണ് അതുവഴി പൊലീസ് വാഹനം എത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ കണ്ടപാടെ വണ്ടി നിര്‍ത്തിയ പൊലീസ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ശസ്ത്രക്രിയ ഈയടുത്ത് കഴിഞ്ഞതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ളെന്ന് പൂര്‍ണ പറയുന്നു. നാഭിയില്‍ തൊഴിച്ചു. പിടിച്ചുമാറ്റാനത്തെിയ കൂട്ടുകാരിക്കും കിട്ടി ലാത്തി പ്രയോഗം. അറസ്റ്റിന് വനിതാ പൊലീസ് വേണമെന്ന് പറഞ്ഞപ്പോള്‍ ‘നിങ്ങളെ കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ല, ജീവന്‍ വേണമെങ്കില്‍ വല്ല മുംബൈയിലോ ബംഗളൂരുവിലോ പോയ്ക്കോ, നിങ്ങളെയൊക്കെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ മുകളില്‍നിന്ന് അനുവാദമുണ്ട്, നിങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ഒരുത്തനും ചോദിക്കാന്‍ വരില്ളെന്നുമായിരുന്നു മറുപടി. മര്‍ദനത്തെ തുടര്‍ന്ന് എണീറ്റു നടക്കാന്‍ പോലും കഴിയാത്ത ഇവരെ റോഡരികില്‍ ഉപേക്ഷിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആയിഷയുടെയും പൂര്‍ണയുടെയും ദേഹത്ത് മര്‍ദനത്തിന്‍െറ പാടുകളുണ്ട്.
വെള്ളിയാഴ്ച എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനില്‍ ഇതര സംസ്ഥാന ഭിന്നലിംഗക്കാരും മലയാളി ഭിന്നലിംഗക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴിഞ്ഞ ദിവസം 11 പേര്‍ അറസ്റ്റിലായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്‍െറ പേരില്‍ കൊച്ചി നഗരത്തിലെ ഭിന്നലിംഗക്കാരെ മുഴുവന്‍ വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന ക്രിമിനലുകള്‍ പെണ്‍വേഷം കെട്ടി കൊച്ചിയിലും പെരുമ്പാവൂരും നിരവധി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ നോര്‍ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേരളത്തിലെ ഭിന്നലിംഗക്കാര്‍ തങ്ങളെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്ന് ഇതരസംസ്ഥാനക്കാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി നഗരത്തിലെ നോര്‍ത്, സൗത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീവനക്കാര്‍ തങ്ങളെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മറൈന്‍ഡ്രൈവില്‍ സംഗമം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.png)