ഏക സിവില്‍കോഡിന് പിന്നില്‍ ഹിന്ദുത്വ അജണ്ട –കോടിയേരി
text_fieldsആലപ്പുഴ: രാജ്യത്ത് വര്‍ഗീയകലാപം സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിന് നീക്കം നടത്തുന്നതിന് പിന്നിലും അതാണ് ലക്ഷ്യമെന്ന് സി.പി.എം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയുടെ ഭരണപരാജയം മറയ്ക്കാന്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും കലാപങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. അയോധ്യ പ്രശ്നം വീണ്ടും കുത്തിപ്പൊക്കിയും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രഹസ്യ അജണ്ട തയാറാക്കിയും ആര്‍.എസ്.എസ് നടത്തുന്ന നീക്കം മതന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.
ഹിന്ദുത്വ വര്‍ഗീയധ്രുവീകരണം നടത്തി വോട്ടുബാങ്ക് സൃഷ്ടിക്കാനാണ് ശ്രമം. ആലപ്പുഴ വലിയചുടുകാട്ടില്‍ സംഘടിപ്പിച്ച പി.കെ. ചന്ദ്രാനന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വര്‍ഗീയത വളര്‍ത്തുന്നത് രാജ്യത്തിന് പൊതുവേയും തൊഴിലാളി പ്രസ്ഥാനത്തിന് പ്രത്യേകിച്ചും ദോഷകരമാണ്. കേരളത്തില്‍ അത് വിലപ്പോകില്ല. ഹെലികോപ്ടറുകളില്‍ സഞ്ചരിച്ച് വോട്ട് തേടിയവര്‍ക്ക് വട്ടപ്പൂജ്യവും ജനങ്ങള്‍ക്കിടയില്‍ വോട്ട് ചോദിച്ചവര്‍ക്ക് ഭൂരിപക്ഷവും ലഭിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തെ മറന്നാണ് വെള്ളാപ്പള്ളിയും കൂട്ടരും ഹിന്ദുത്വ അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിന്‍െറ മതനിരപേക്ഷത തകര്‍ക്കാന്‍ ഇനിയും ശ്രമമുണ്ടാകുമെന്നും അതിനെതിരെ ശക്തമായ പ്രതിരോധം തൊഴിലാളിവര്‍ഗം സൃഷ്ടിക്കണമെന്നും കോടിയേരി പറഞ്ഞു.
ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, കെ. പ്രസാദ്, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
