വിശുദ്ധമാസത്തിന് വിട ചൊല്ലി അവസാന വെള്ളി
text_fieldsകോഴിക്കോട്: വിശുദ്ധമാസത്തിന് പ്രാര്‍ഥനാനിര്‍ഭരമായി വിട ചൊല്ലി അവസാന ജുമുഅ. റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച ദിവസമായ ഇന്നലെ കോഴിക്കോട്ടെ പള്ളികള്‍ നിറഞ്ഞൊഴുകി. പട്ടാളപ്പള്ളി, മൊയ്തീന്‍ പള്ളി, പുഴവക്കത്തെപ്പള്ളി, മസ്ജിദ് ലുഅ് ലുഅ്, മര്‍ക്കസ് പള്ളി തുടങ്ങിയ പള്ളികളില്‍ രാവിലെതന്നെ തിരക്ക് തുടങ്ങിയിരുന്നു. മിക്ക പള്ളികളിലും നീണ്ട പ്രാര്‍ഥനകള്‍ നടന്നു. പാപമോചനത്തിനായി വിശ്വാസികള്‍ പ്രാര്‍ഥനയിലാണ്ടു. രാജ്യത്തിന്‍െറ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പള്ളികളില്‍ പ്രാര്‍ഥിച്ചു.
റമദാനിലെ വരാനിരിക്കുന്ന അവസാന നാളുകളില്‍ പള്ളികളില്‍തന്നെ കഴിഞ്ഞുകൂടുന്ന ഇഅ്തികാഫിനായി (ഭജനമിരിക്കല്‍) നിരവധി പേര്‍ നേരത്തേതന്നെ സജീവമായിരുന്നു. തറാവീഹ് നമസ്കാരം കഴിഞ്ഞതിനുശേഷം അന്ത്യയാമങ്ങളില്‍ ദീര്‍ഘനേരം നിന്നുകൊണ്ടുള്ള പ്രാര്‍ഥനകളും പള്ളികളില്‍ സജീവമായി. റമദാനില്‍ വീണ്ടെടുത്ത നന്മകള്‍ വരും ദിവസങ്ങളിലും നിലനിര്‍ത്താന്‍ കഠിന പ്രയത്നം ചെയ്യണമെന്ന് ഇമാമുമാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.
ഇക്കൊല്ലത്തെ റമദാന്‍ അനുകൂലമായാണോ പ്രതികൂലമായാണോ ഭാവി ജീവിതത്തില്‍ സാക്ഷി നില്‍ക്കുകയെന്ന് ഓരോ വ്യക്തിയും സ്വയം വിലയിരുത്തണം. റമദാന്‍ ഓരോ വ്യക്തിക്കും ആത്മ ശുദ്ധീകരണത്തിനുതകണം. വരുന്ന റമദാനില്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന് പറയാന്‍ ആര്‍ക്കുമാകില്ല. ഈ സാഹചര്യത്തില്‍ സൂക്ഷ്മതയും മുന്‍കരുതലും പുലര്‍ത്തി ജീവിതം പരമാവധി ഭക്തി സാന്ദ്രമാക്കാന്‍ ശ്രമിക്കണം. ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ആഹ്വാനമുണ്ടായി.
റമദാന്‍ അവസാനത്തിലത്തെിയതോടെ പള്ളികള്‍ കേന്ദ്രീകരിച്ച് ഫിത്വര്‍ സകാത് ശേഖരണത്തിനും വിതരണത്തിനുമുള്ള നടപടികള്‍ ഊര്‍ജിതമായി. പെരുന്നാള്‍ ദിനത്തില്‍ നാട്ടിലെ ഒരുവീട്ടിലും പട്ടിണി ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താനായാണ് ഫിത്വര്‍ സകാതിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് വീടുകളില്‍ എത്തിക്കുന്നത്. വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചുപോയ പിഴവുകള്‍ പരിഹരിക്കാന്‍കൂടിയാണ് വിശ്വാസികള്‍ ഫിത്വര്‍ സകാത് നല്‍കുന്നത്.