ബസ് റെയില്‍വേഗേറ്റില്‍ കുടുങ്ങി, വന്‍ ദുരന്തം ഒഴിവായി
text_fieldsകരുനാഗപ്പള്ളി: ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേഗേറ്റ് അടക്കുന്നതിനിടെ സ്വകാര്യബസ് ട്രാക്കിലേക്ക് ഓടിച്ചുകയറ്റി. മുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിച്ച ബസ് റെയില്‍വേഗേറ്റില്‍ കുടുങ്ങി. ഈസമയം ട്രെയിന്‍ കടന്നുവന്നെങ്കിലും ഗേറ്റ് അടയാത്തതുമൂലം സിഗ്നല്‍ ലഭിക്കാത്തതിനത്തെുടര്‍ന്ന് നിര്‍ത്തി. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ 11.30ഓടെ ചിറ്റുമൂല റെയില്‍വേഗേറ്റിലായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് കടന്നുപോകാന്‍ ഗേറ്റ്കീപ്പര്‍ ഗേറ്റ് അടക്കുന്നതിനിടെയാണ് അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് ട്രാക് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. തൊട്ടുമുന്നില്‍ പോകുകയായിരുന്ന കാറില്‍ ഇടിച്ച ബസ് ഗേറ്റില്‍ കുടുങ്ങിനിന്നു. ഈസമയം ട്രെയിന്‍ വരുന്നതുകണ്ട ബസ് യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു. ചിലര്‍ ബസില്‍നിന്ന് ഇറങ്ങിയോടി. റെയില്‍വേ ട്രാക്കില്‍ ബസും കാറും കുടുങ്ങി കിടന്നതുമൂലം 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. തടസ്സങ്ങള്‍ നീക്കി ഗേറ്റ് അടച്ച ശേഷമാണ് നേത്രാവതി എക്സ്പ്രസ് കടത്തിവിട്ടത്. ഗേറ്റ് അടക്കാനൊരുങ്ങുമ്പോള്‍ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ട്രാക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാണ്.