ധവളപത്രത്തില്‍ കാണിച്ചത് തോമസ് ഐസക്കിനുവേണ്ട കണക്കുകള്‍- ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച ധവളപത്രത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രത്തിലെ പല കണക്കുകളിലും അവ്യക്തതയുണ്ട്. ഐസക്കിനുവേണ്ട കണക്കുകള്‍ മാത്രമാണ് അതില്‍ എടുത്തു കാണിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ധവളപത്രം അവതരിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് വികസനപദ്ധതിക്കള്‍ക്കാണ് കൂടുതല്‍ തുക ചെലവഴിച്ചത്. രണ്ട് ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. ഇത് വന്‍ ബാധ്യതയാണുണ്ടാക്കിയത്. ഏത് സര്‍ക്കാറാണ് കുടിശ്ശിക മുഴുവനായും തീര്‍ത്ത് നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി ആരാഞ്ഞു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ ആവിഷ്കരിച്ചതും ആരോഗ്യം,വിദ്യാഭ്യാസം, പൊലീസ്, അധ്യാപക പാക്കേജ് എന്നീ മേഖലകളിലെ ഒഴിവു വന്ന പോസ്റ്റുകളിലേക്ക് നിയമനം നടത്തിയും യു.ഡി.എഫ് സര്‍ക്കാറാണ്. ആരോഗ്യം,വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയതിന് കൂടുതല്‍ തുക ചെലവഴിക്കേണ്ടി വന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് 12.9 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. അത് യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് 34.43 ലക്ഷം പേര്‍ക്കായി ഉയര്‍ത്തി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്തെ ഏത് നടപടിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ താന്‍ നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.