വായ്പ തിരിച്ചടച്ചിട്ടും ആധാരം നല്‍കിയില്ല; കാര്‍ഷിക വികസന ബാങ്ക് രണ്ടുലക്ഷം നല്‍കണം
text_fieldsമലപ്പുറം: വായ്പ തിരിച്ചടച്ചിട്ടും പണയപ്പെടുത്തിയ ആധാരം തിരിച്ചുനല്‍കാതിരുന്ന ഏറനാട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് 2,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവായി. ചേലേമ്പ്ര പാറയില്‍ സ്വദേശി നാടകശ്ശേരി പുറായി മുഹമ്മദ്കുട്ടി ഹാജി സമര്‍പ്പിച്ച പരാതിയിലാണ് ഉപഭോക്തൃഫോറം പ്രസിഡന്‍റ് എ.എ. വിജയന്‍ നഷ്ടപരിഹാരവും ബാങ്ക് ചെലവില്‍ ആധാരത്തിന്‍െറ സര്‍ട്ടിഫൈഡ് കോപ്പിയും നല്‍കാന്‍ ഉത്തരവിട്ടത്. നഷ്ടപരിഹാര തുകക്ക് 13 വര്‍ഷത്തെ പലിശയും നല്‍കണം. മുഹമ്മദ്കുട്ടി ഹാജിയും മാതാവ് ആയിശാബീവിയും ഇവരുടെ പേരിലുള്ള രണ്ട് ആധാരങ്ങള്‍ പണയപ്പെടുത്തി ഏറനാട് കാര്‍ഷിക വികസന ബാങ്കില്‍നിന്ന് 1995-96ല്‍ 26,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചപ്പോള്‍ 2002ല്‍ വായ്പ പൂര്‍ണമായി തിരിച്ചടച്ചെങ്കിലും ആധാരങ്ങള്‍ തിരിച്ചുനല്‍കാന്‍ അധികൃതര്‍ തയാറായില്ല.
ജപ്തി സംബന്ധിച്ച കോടതി ആവശ്യങ്ങള്‍ക്കായി എറണാകുളം ഹൈകോടതിയിലേക്ക് കൊണ്ടുപോയ ആധാരങ്ങള്‍ അവിടെവെച്ച് നഷ്ടപ്പെട്ടെന്നായിരുന്നു ബാങ്ക് വിശദീകരണം. ഇതിനിടെ ആയിശാബീവി മരിക്കുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ്കുട്ടി ഹാജി മുഖ്യമന്ത്രിക്കും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ആധാരങ്ങള്‍ ഉടന്‍ തിരിച്ചുനല്‍കാന്‍ ഉത്തരവാകുകയും ചെയ്തിരുന്നു. എന്നിട്ടും ആധാരമോ കോപ്പിയോ ബാങ്ക് നല്‍കിയില്ല. തുടര്‍ന്നാണ് ചേലേമ്പ്രയിലെ വിവരാവകാശ കൂട്ടായ്മ വഴി ഇദ്ദേഹം ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാമെന്നും കോടിക്കണക്കിന് രൂപ ബാധ്യതയുള്ള ബാങ്കിന് നഷ്ടപരിഹാരം നല്‍കാനുള്ള സാമ്പത്തിക സാഹചര്യമില്ളെന്നുമുള്ള ബാങ്കിന്‍െറ വാദം ഫോറം അംഗീകരിച്ചില്ല. തുടര്‍ന്ന് ബാങ്ക് പ്രസിഡന്‍റിനോട് ഫോറത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ബാങ്ക് പ്രസിഡന്‍റും ഫോറം ചുമതലപ്പെടുത്തിയ അഭിഭാഷകനും പരാതിക്കാരനും ഒന്നിച്ചിരുന്ന് രണ്ടുതവണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും 50,000 രൂപ മാത്രമേ നല്‍കാന്‍ സാധിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പിയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും മാനസിക പ്രയാസങ്ങള്‍ക്ക് 10,000 രൂപയും നല്‍കാന്‍ ഫോറം ഉത്തരവായത്. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം നഷ്ടരിഹാരം നല്‍കണമെന്നും ഫോറം അറിയിച്ചു. പരാതിക്കാരനുവേണ്ടി വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റര്‍ കെ.വി. ഷാജി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.