You are here

ടി.ഡി രാമകൃഷ്ണന് റെയില്‍വേയില്‍ നിന്ന് ഇന്ന് പടിയിറക്കം

08:44 AM
31/01/2016

പാലക്കാട്: മൂന്നര പതിറ്റാണ്ടിന്‍െറ റെയില്‍വേ ജീവിതം സമ്മാനിച്ച കയ്പ്പും മധുരവുമുള്ള അനുഭവങ്ങള്‍ ഉള്ളില്‍ നിറച്ച് പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഞായറാഴ്ച സര്‍വിസില്‍ നിന്ന് വിട പറയുന്നു. മലയാള നോവല്‍ സാഹിത്യത്തില്‍ പുതുവഴികള്‍ തുറന്ന് വായനക്കാരെ ഭ്രമിപ്പിച്ച ടി.ഡി.ആറിന്‍െറ ശിഷ്ട ജീവിതം തൃശൂര്‍ കേച്ചേരിക്ക് സമീപം ജന്മഗ്രാമമായ ഇയ്യാലിലെ ‘സൂര്യകാന്തി’യിലാവും.പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഡിവിഷനല്‍ ചീഫ് കണ്‍ട്രോളറാണിപ്പോള്‍. 34 വര്‍ഷത്തെ ഒൗദ്യോഗിക ജീവിതം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്വയം അവസാനിപ്പിക്കുകയാണ്. ഞായറാഴ്ച സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും. ആലുവ യു.സി കോളജില്‍ നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ടി.ഡി.ആര്‍ റെയില്‍വേയില്‍ ചേര്‍ന്നത്.

1981ഡിസംബര്‍ ഏഴിന് ദക്ഷിണ റെയില്‍വേ സേലം സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ടിക്കറ്റ് പരിശോധകനായാണ് ഒൗദ്യോഗിക ജീവിതത്തിന് തുടക്കം. ഗുഡ്സ് ഗാര്‍ഡ്, സെക്ഷന്‍ കണ്‍ട്രോളര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ജോലിയെടുത്തു. 2003ല്‍ റെയില്‍വേയിലെ മികച്ച ജീവനക്കാരനുള്ള പുരസ്കാരം നേടി. ട്രെയിനിന്‍െറ വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ പദ്ധതി സമര്‍പ്പിച്ചതിനുള്ള അംഗീകാരമായിരുന്നു ഇത്. കഥാകൃത്ത് വൈശാഖനു ശേഷം റെയില്‍വേയില്‍ നിന്ന് മലയാളത്തിന് ലഭിച്ച പ്രമുഖ എഴുത്തുകാരനാണ് ടി.ഡി.ആര്‍. ഉദ്യോഗക്കയറ്റങ്ങള്‍ വേണ്ടെന്നു വെച്ചാണ് എഴുത്തിന്‍െറ വഴിയില്‍ അദ്ദേഹം ഉറച്ചു നിന്നത്.

2003ല്‍ പിറവിയെടുത്ത ആദ്യ നോവല്‍ ‘ആല്‍ഫ’യുടെ പശ്ചാത്തലം സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചയും കമ്യൂണിസ്റ്റ് ആശയത്തിനുണ്ടായ പ്രതിസന്ധിയുമായിരുന്നു. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നീ കൃതികള്‍ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. ശോഭ ശക്തിയുടെ മ്, ചാരുനിവേദിതയുടെ തപ്പ്താളങ്ങള്‍ എന്നിവയുടെ പരിഭാഷ, തമിഴിലെ പ്രശസ്ത വ്യക്തികളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ സമാഹാരമായ തമിഴ്മൊഴി അഴക്, ലേഖന സമാഹാരമായ ബോംബ്, ‘യുദ്ധം അധിനിവേശം’ തുടങ്ങിയവയും രചിച്ചു.

‘ഫ്രാന്‍സിസ് ഇട്ടിക്കോര’, ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്നീ നോവലുകള്‍ മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്.2015ല്‍ മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിയപ്പെട്ട കൃതികളിലൊന്നാണ് ടി.ഡി.ആറിന്‍െറ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ നോവല്‍. 1985 മുതല്‍ ടി.ഡി. രാമകൃഷ്ണന്‍ പാലക്കാട്ടാണ് താമസം. 35 വര്‍ഷത്തെ ഒൗദ്യോഗിക ജീവിതത്തില്‍ 31 വര്‍ഷവുംപാലക്കാട്ടായിരുന്നു.

പാലക്കാടിന്‍െറ സാഹിത്യ, സാംസ്കാരിക സദസ്സുകളില്‍ അദ്ദേഹം ഇക്കാലമത്രയും നിറസാന്നിധ്യമായി. എഴുത്തുകാരനായ വൈശാഖനാണ് ടി.ഡി. രാമകൃഷ്ണന് സര്‍ഗവഴിയില്‍ പ്രചോദനമായത്. ആദ്യനോവല്‍ പ്രകാശനം ചെയ്തത് പാലക്കാട്ടെ ആലോചന സാഹിത്യവേദിയിലാണ്. തന്നെ എഴുത്തുകാരനാക്കിയത് പാലക്കാടാണെന്നും നഗരത്തിന്‍െറ സൗഹൃദലോകം വിട്ടുപോകുന്നതില്‍ സങ്കടമുണ്ടെന്നും ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: വിഷ്ണു, സൂര്യ.

 

Loading...
COMMENTS