കെ. ബാബു രാജി പിൻവലിച്ചു
text_fieldsതിരുവനന്തപുരം: പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിൻവലിക്കുന്നതായി കെ. ബാബു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി തീരുമാനം പിൻവലിക്കുന്നതായി ബാബു അറിയിച്ചത്. എന്നെ വളർത്തിയത് പാർട്ടിയാണ്. പാർട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു. ബാബുവിൻെറ രാജി സ്വീകരിക്കേണ്ടതില്ല എന്ന് നേരത്തെ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു.
രാജിവെച്ചതിന് ശേഷം നിരവധി പേർ തന്നെ വിളിച്ചിരുന്നു. തൻെറ വക്കീൽ കേസുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനൊന്നും നിൽക്കാതെ താൻ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. പാർട്ടി പറഞ്ഞാൽ സ്വീകരിക്കാതിരിക്കാൻ സാധിക്കില്ല. തീരുമാനം വ്യക്തിപരമായിരുന്നെങ്കിൽ ഒരിക്കലും മന്ത്രിസഭയിലേക്ക് വരില്ലായിരുന്നു എന്നും ബാബു കൂട്ടിച്ചേർത്തു.
ബാർ കോഴക്കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ബാബു മന്ത്രി സ്ഥാനം രാജിവെച്ചത്. കോടതി ഉത്തരവ് പുറത്തുവന്നതിന് ശേഷം വാർത്താ സമ്മേളനത്തിലാണ് ബാബു രാജി പ്രഖ്യാപിച്ചത്. എന്നാൽ വിജിലൻസ് കോടതി ഉത്തരവ് പിന്നീട് ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
