യുവതിയെ തീവെച്ചുകൊന്ന കേസില്‍ ഡോക്ടര്‍ക്ക് ജീവപര്യന്തം
text_fieldsപാലക്കാട്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും ഏഴര ലക്ഷം രൂപ പിഴയും. പട്ടാമ്പി പെരുമുടിയൂര്‍ മൈലാട്ടുവടക്കേതില്‍ മുരളീധരന്‍െറ ഭാര്യ സിന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ കാറല്‍മണ്ണ തിരുമുല്ലപ്പള്ളിക്കാവ് ‘അമ്പാടി’യില്‍ ഡോ. യു. പ്രസാദിനാണ് (35) പാലക്കാട് അഡീ. ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സുരേഷ്കുമാര്‍ പോള്‍ ശിക്ഷ വിധിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൊല നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് ജീവപര്യന്തവും ഏഴ് ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ സിന്ധുവിന്‍െറ 15 വയസ്സുള്ള മകളുടെ പേരില്‍ നിക്ഷേപിക്കണം. തട്ടിക്കൊണ്ടുപോകലിന് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഏഴ് ലക്ഷം രൂപ പിഴയടച്ചില്ളെങ്കില്‍ അഞ്ച് വര്‍ഷവും 50,000 രൂപ പിഴ അടച്ചില്ളെങ്കില്‍ മൂന്നുവര്‍ഷവും അധികം തടവ് അനുഭവിക്കണം. 2009 ഫെബ്രുവരി 22നായിരുന്നു സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്, മുന്‍ സഹപ്രവര്‍ത്തകയായ സിന്ധുവിനെ ആയുര്‍വേദ ഡോക്ടറായ യു. പ്രസാദ് വാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് തീവെച്ച് കൊന്നെന്നാണ് കേസ്. ഫാര്‍മസിസ്റ്റായ സിന്ധുവും ഡോ. പ്രസാദും മേഴത്തൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.
സംഭവം നടക്കുമ്പോള്‍ ഡോ. പ്രസാദ് നെല്ലായ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ചെര്‍പ്പുളശ്ശേരി സി.ഐ ആയിരുന്ന കെ.എം. സെയ്തലവി, സി.ഐമാരായ ബിജു ഭാസ്കര്‍, ഇ. സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍-രണ്ട് ജയന്‍ സി. തോമസ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
