ഓറിയന്‍സ് മണിചെയിന്‍ തട്ടിപ്പ് ബ്രാഞ്ച് മേധാവിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
text_fieldsപാലക്കാട്: ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കളുടേയും ഫുഡ് സപ്ളിമെന്‍റുകളുടേയും മറവില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ഓറിയന്‍സ് മാര്‍ക്കറ്റിങ് ബ്രാഞ്ച് മേധാവി കാവശ്ശേരി കഴനി സ്വദേശി ഗോകുല്‍ദാസിന്‍െറ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നിര്‍ദേശപ്രകാരം മരവിപ്പിച്ചു. കല്‍മണ്ഡപത്തെ ബ്രാഞ്ച് ഓഫിസില്‍നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്ക് പരിശോധനക്കായി ജില്ലാ പൊലീസിന്‍െറ സൈബര്‍ സെല്ലിന് കൈമാറി. ബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ശേഖരിച്ച മരുന്നിന്‍േറയും ഫുഡ് സപ്ളിമെന്‍റുകളുടേയും സാമ്പിള്‍ തൃശൂരിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. ഉല്‍പ്പന്നങ്ങളില്‍ നിരോധിത വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയാനാണ് സാമ്പിള്‍ പരിശോധിക്കുന്നത്.
പ്രമേഹത്തിനും ആര്‍ത്രൈറ്റിസിനും വൃക്കരോഗത്തിനുമടക്കമുള്ള മരുന്നുകള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴി ഓറിയന്‍സ് വിതരണം ചെയ്തിരുന്നു. മണിചെയിന്‍ നിരോധ നിയമപ്രകാരമാണ് ഗോകുല്‍ദാസിനെതിരെ കേസ്. ഇതുസംബന്ധിച്ച് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ടൗണ്‍ സൗത് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
കോഴിക്കോട് സ്റ്റോക്ക് പോയന്‍റും പാലക്കാട് ബ്രാഞ്ച് ഓഫിസും പൊലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. അതേസമയം, അന്വേഷണം നിര്‍വീര്യമാക്കാന്‍ പൊലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാണ്്. സി.ഐ.ടി.യു നേതൃത്വത്തിലുള്ള എംപ്ളോയീസ് യൂനിയന്‍ കമ്പനി തുറപ്പിക്കാന്‍ രംഗത്തുണ്ട്. യൂനിയനെ മുന്നില്‍നിര്‍ത്തി കമ്പനിയുടെ ശാഖ തുറപ്പിക്കാനാണ് കമ്പനി മേധാവികളുടെ നീക്കം. സംസ്ഥാനത്ത് 11 ജില്ലകളിലും തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും ഓറിയന്‍സ് കമ്പനി വലവിരിച്ചിട്ടുണ്ട്. കോട്ടയം പൊന്‍കുന്നത്തും തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ റോഡിലും മലപ്പുറം പെരിന്തല്‍മണ്ണയിലും തിരുവനന്തപുരം പട്ടത്തും സ്റ്റോക്ക് പോയന്‍റുകളുണ്ടെങ്കിലും കമ്പനിക്കെതിരെ ഈ ജില്ലകളില്‍ പൊലീസ് നടപടിക്ക് മടിക്കുകയാണ്.
2011ല്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഓറിയന്‍സ് കമ്പനി ഉല്‍പ്പന്നങ്ങള്‍ മറയാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും നെറ്റ്വര്‍ക്ക് വിപുലീകരിച്ചത്. ആര്‍.എം.പി മണിചെയിന്‍ തട്ടിപ്പില്‍ പിടികിട്ടാപ്പുള്ളിയായ ഒരാള്‍ ഓറിയന്‍സ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.