കണ്ണുതുറക്കാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരുടെ നിലവിളി
text_fieldsതിരുവനന്തപുരം: റിപ്പബ്ളിക്ക് ദിനത്തില്‍ ദേശീയപതാക സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉയരുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മുഴങ്ങിയത് നിസ്സഹായരുടെ നിലവിളി. എന്‍ഡോസള്‍ഫാന്‍െറ ഇരകളാക്കപ്പെട്ട 40 കുട്ടികള്‍, രോഗം ജീവിച്ചുതീര്‍ക്കുന്ന ഒരുകൂട്ടം കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും, മനുഷ്യാനുഭവങ്ങളില്‍ ഏറ്റവും വിഷമംപിടിച്ച കാലത്തിലൂടെ കടന്നുപോവുന്നവര്‍, ശരീരത്തിനുള്ളിലേക്ക് വിനാശകാരിയായ കീടനാശിനി കടന്നതിന്‍െറ ദുരന്തം പേറുന്നവര്‍, കീടങ്ങളെപ്പോലെ ഇഴയുന്നവര്‍. കണ്ണുതുറക്കാത്ത ദൈവങ്ങളെ ഉണര്‍ത്താനായിരുന്നു ഇവരുടെ നിലയ്ക്കാത്ത രോദനം ഉയര്‍ന്നത്. ഇതിലേറെയും നിലത്ത് കിടക്കുന്ന കൊച്ചു കുട്ടികള്‍. തുണിയില്‍ പൊതിഞ്ഞ കുട്ടികള്‍ കട്ടിലില്‍ കിടക്കുന്നത് കണ്ടാല്‍ പ്രസവിച്ച് ഏറെ ദിവസമായിട്ടില്ളെന്ന് തോന്നാം. എന്നാല്‍, നാല് വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികളാണിവര്‍. വേദനയുടെ നെരിപ്പോടില്‍നിന്ന് ഉയരുന്ന നിലവിളി. സത്യം മാത്രം ചൊല്ലിയാടിയ തെയ്യത്തിന്‍െറ നാട്ടില്‍നിന്ന് എത്തിയവരുടെ കണ്ണുകളില്‍ നിറയുന്നത് എന്ത് ഭാവമാണ്.
വേദന ഉള്ളിലൊതുക്കി മക്കള്‍ക്ക് കാവലിരിക്കുന്ന അമ്മമാര്‍ക്ക് ജീവിത ദുരിതത്തിന്‍െറയും ആനുകൂല്യ നിഷേധത്തിന്‍െറയും ഒരായിരം കഥകള്‍ പറയാനുണ്ട്. അവരുടെ ശബ്ദത്തില്‍ കരളിലെ ചോര മണക്കുന്നു. തൊട്ടടുത്ത് കട്ടിലില്‍ കുട്ടികളുടെ ഇഴഞ്ഞുനീങ്ങുന്ന ശ്വാസഗതി, ശ്വാസ തടസ്സം, ദാരുണമായ അവസ്ഥ...ഒരിക്കലും അവസാനിക്കാത്ത രോഗത്തിന് മുമ്പില്‍ അമ്മമാര്‍ നിരാലംബരാണ്. ജീവിതത്തിന്‍െറ ദാരുണാവസ്ഥക്കുമുന്നില്‍ എന്തുചെയ്യും. പകുതി പ്രജ്ഞമാത്രമുള്ള കുട്ടികള്‍ക്ക് മുന്നിലാണ് ജീവിതം. ദീര്‍ഘകാലമായി തങ്ങള്‍ അനുഭവിച്ചുപോന്ന ഭീഷണമായ യാഥാര്‍ഥ്യവും സര്‍ക്കാര്‍ സംവിധാനത്തിന്‍െറ നീതിനിഷേധവും ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നിരത്തുകയാണ്. ചികിത്സാ ചെലവിനായി ബാങ്കില്‍നിന്ന് എടുത്ത വായ്പയുടെ ജപ്തി നോട്ടീസുമായിട്ടാണ് പലരും സമരത്തിനത്തെിയത്. ഇപ്പോഴും എ.പി.എല്‍ കാര്‍ഡ് ബി.പി.എല്ലായി മാറ്റാന്‍ പോലും കഴിയാത്തവര്‍. സോമാലിയയും ഇത്യോപ്യയും വാര്‍ത്തകളിലൂടെ നാമറിഞ്ഞ യാഥാര്‍ഥ്യമാണ്; എന്നാല്‍, കാസര്‍കോട്ടെ ‘എന്‍മകജെ’ നമ്മുടെ കണ്‍മുന്നിലെ നീറ്റുന്ന മുറിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
