പോക്സോ: ഈ കൂരകളില്‍ നിസ്സഹായതയുടെ നിലവിളി
text_fieldsകല്‍പറ്റ: തോമാട്ടുചാല്‍ ചൂരിമൂല പണിയ കോളനിയില്‍ അഭിയുടെ ജീവിതം തുടങ്ങിയതേ ദുരന്തങ്ങള്‍ക്കൊപ്പമായിരുന്നു. 19കാരനായ അഭിക്ക് അച്ഛനെയും അമ്മയെയും കണ്ട ഓര്‍മയില്ല. ജനിച്ച് ഒരാഴ്ച കഴിയും മുമ്പേ അമ്മ മരിച്ചു. അതുകഴിഞ്ഞ് ഒരാഴ്ചക്കുശേഷം എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പുറപ്പെട്ട അച്ഛന്‍ പിന്നീട് കോളനിയില്‍ തിരിച്ചത്തെിയതേയില്ല. കൂലിപ്പണിയെടുത്ത് മുത്തശ്ശിയാണ് അവനെ വളര്‍ത്തി വലുതാക്കിയത്. ഒരു ജ്യേഷ്ഠനാണ് അഭിക്ക് കൂട്ടുള്ളത്.
ഒരു മാസത്തോളമായി അഭി ജയിലിലാണ്. ഈച്ചമാനിക്കുന്ന് കോളനിയിലെ 16കാരിയെ കല്യാണം കഴിച്ചതാണ് ഈ യുവാവിന് തടവറയിലേക്ക് വഴികാട്ടിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) ചുമത്തി അറസ്റ്റ് ചെയ്തതോടെ ഇനിയെന്നു ജാമ്യം കിട്ടുമെന്നറിയില്ല. ഇതിനു പുറമെ 376ാം വകുപ്പും ചേര്‍ത്തിട്ടുണ്ട്.
വയനാട്ടിലെ ഒട്ടേറെ ആദിവാസി യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന് തടവറയിലാകുന്ന വാര്‍ത്ത ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമുദായ ആചാരപ്രകാരം വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് അറിയാത്തതിനാല്‍ ഇവരെല്ലാം ക്രിമിനലുകളായി മുദ്രകുത്തപ്പെടുകയാണ്. ഇവര്‍ കുടുംബഭാരം ചുമലിലേറ്റിയിരുന്ന കൂരകളില്‍ ഇപ്പോള്‍ പട്ടിണിയും പരിവട്ടവും മാത്രം.
അഭിയുടെ പൊളിഞ്ഞുവീഴാറായ കൂരയിപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ജ്യേഷ്ഠന്‍ കുടകില്‍ ഇഞ്ചിപ്പണിക്കു പോയിരിക്കുന്നു. അനുജനെ പൊലീസ് പിടിച്ചുകൊണ്ടുപോയത് അയാള്‍ അറിഞ്ഞിട്ടില്ല. ജ്യേഷ്ഠന്‍െറ കുടുംബവും മുത്തശ്ശിയുമൊക്കെ ബന്ധുവീടുകളിലാണ്. ‘വിവാഹം ചെയ്ത’ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുവിന്‍െറ തറവാട് അഭിയുടെ വീടിനരികെയാണ്. മഞ്ജുവിന് നാലു പെണ്‍മക്കള്‍. അമ്പലവയല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന 16കാരിയുടെ ഇളയതാണ് മറ്റു മൂന്നുപേരും. ഇളയവള്‍ക്ക് മൂന്നു വയസ്സു മാത്രം. ആ കുട്ടിയെ വീട്ടിലിരുത്തി കൂലിപ്പണിക്ക് പോയാണ് മഞ്ജു കുടുംബം പോറ്റുന്നത്.
പെണ്‍കുട്ടിക്ക് വയസ്സറിയിച്ചാല്‍ ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാമെന്നതാണ് തങ്ങളുടെ ആചാരമെന്നും രണ്ടു കുടുംബത്തിനും വിവാഹത്തില്‍ എതിര്‍പ്പൊന്നുമില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു. അഭിയെ ജാമ്യത്തിലിറക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ അതെങ്ങനെയെന്നൊന്നും ഇവര്‍ക്കറിയില്ല. വക്കീലിനെ കാണാന്‍ കാശുമില്ല. പൊലീസ് പിടിച്ചുകൊണ്ടുപോയി കണിയാമ്പറ്റയിലെ ഹോസ്റ്റലിലാക്കിയ മകളെ കാണാന്‍ പോലും ബസിന് കാശില്ലാത്തതിനാല്‍ കഴിഞ്ഞിട്ടില്ളെന്ന് നിറകണ്ണുകളോടെ മഞ്ജു പറയുന്നു.

മേപ്പാടി വിത്തുകാട് കോളനിയിലെ ബിനു അഴിക്കുള്ളിലായിട്ട് മാസം ഒന്നരയായി. പ്രായമായ അച്ഛനും അമ്മയും ഇളയ മൂന്നു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്‍െറ അത്താണിയാണ് ഈ 19കാരന്‍. ബിനുവിന്‍െറ അച്ഛന്‍ ശസ്ത്രക്രിയ കഴിഞ്ഞ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ചൂരിമൂല കോളനിയിലെ 17കാരിയെ വിവാഹം ചെയ്തതാണ് ബിനുവിന് വിനയായത്. പറഞ്ഞുതെറ്റിയപ്പോള്‍ പരാതി കൊടുത്തത് പെണ്‍കുട്ടിയുടെ അച്ഛന്‍തന്നെ. എന്നാല്‍, അവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും കല്യാണം കഴിഞ്ഞിട്ടില്ളെന്നും ബിനുവിന്‍െറ ചേച്ചി ഷൈലജ പറയുന്നു.
ബിനു ജയിലിലായതോടെ ഈ കുടുംബത്തിന്‍െറ ജീവിതംതന്നെ താളംതെറ്റി. രണ്ടാം ക്ളാസില്‍ പഠിക്കുന്ന സുചിത്ര ചേട്ടനെ കാത്തിരിപ്പാണ്. രണ്ടനുജന്മാര്‍ കാക്കവയലില്‍ ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്നു. പൊളിഞ്ഞു വീഴാറായ കൂര പൊളിച്ചിട്ട് മുളകൊണ്ട് താല്‍ക്കാലിക കൂര പണിയുകയാണ്. അനുജന്‍െറ അഭാവത്തില്‍ അമ്മക്ക് തുണയാവാന്‍ ഷൈലജ കുടുംബത്തോടൊപ്പം വീട്ടില്‍ വന്നു നില്‍ക്കുകയാണിപ്പോള്‍.
‘രണ്ടു തവണ ജയിലില്‍പോയി അവനെ കണ്ടിരുന്നു. ഈ മാസം 28ന് കേസ് വിളിക്കും. അപ്പോള്‍ ജാമ്യത്തിലെടുക്കണമെന്ന് അവന്‍ കേണു പറഞ്ഞു. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. ജാമ്യമെടുക്കാന്‍ നികുതിശീട്ടുള്ളവരെ സമീപിച്ചപ്പോള്‍ 5000 രൂപയും വണ്ടിക്കൂലിയും തന്നാല്‍ ജാമ്യം നില്‍ക്കാമെന്നാണ് അവര്‍ പറയുന്നത്. രണ്ടു ജാമ്യക്കാര്‍ക്കായി 10,000 രൂപ ഞങ്ങളെവിടന്നുണ്ടാക്കും’ -നിസ്സഹായതയോടെ ഷൈലജ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
