വകുപ്പുകളുടെ ചുമതല നല്‍കല്‍: ആലോചന പലവിധം
text_fieldsതിരുവനന്തപുരം: കെ. ബാബുവിന്‍െറ വകുപ്പുകളുടെ ചുമതല ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് എ ഗ്രൂപ്പില്‍ ചര്‍ച്ച സജീവമായി. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മന്ത്രിയുടെ രാജിയില്‍ കലാശിച്ച സംഭവത്തില്‍ ഐ ഗ്രൂപ്പിന് എതിരായി ശക്തമായ വികാരമാണ് എ ഗ്രൂപ്പിനുള്ളില്‍ ഉയരുന്നത്.
ഇപ്പോള്‍ തന്നെ വകുപ്പ് ചുമതലകളുടെ ഭാരം മുഖ്യമന്ത്രിക്ക് ഏറെയാണ്. കെ.എം. മാണിയുടെ രാജിയെ തുടര്‍ന്ന് ധന, നിയമ വകുപ്പുകള്‍ കൂടിയുണ്ട്. മന്ത്രിസഭയിലേക്കുള്ള മാണിയുടെ തിരിച്ചുവരവ് നീളുമെന്ന് ഉറപ്പായതോടെ ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് അടക്കമുള്ള ചുമതല ഉമ്മന്‍ ചാണ്ടിക്കായി. അതിനാല്‍ ബാബുവിന്‍െറ മത്സ്യബന്ധനം, തുറമുഖം, എക്സൈസ് വകുപ്പുകള്‍ മുഴുവനായി മുഖ്യമന്ത്രി കൈകാര്യം ചെയ്യണമോ എന്നാണ് ചര്‍ച്ച. ബാര്‍ കോഴക്കേസ് വരും ദിവസങ്ങളില്‍ കോടതികള്‍ പരിഗണിക്കാനിരിക്കെ എക്സൈസ് വകുപ്പ് മുഖ്യമന്ത്രി കൈവശം വെക്കരുതെന്ന അഭിപ്രായം എ ഗ്രൂപ്പിലുണ്ട്. നിയമസഭയില്‍ അടക്കം പ്രതിപക്ഷം ബാര്‍ കോഴ അഴിമതി വിഷയമാക്കുമെന്നും ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പകരക്കാരെ കണ്ടുപിടിക്കണമെന്നാണ് നേതാക്കളുടെ താല്‍പര്യം. ബാബു എ ഗ്രൂപ് പ്രതിനിധിയായിരുന്നതിനാല്‍ അതിന്‍െറ മന്ത്രിമാരിലാവും പകരക്കാരെ തെരയുക.
കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് ഉയരുന്നത്. എന്നാല്‍, മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ തുടക്കം മുതല്‍ തന്നെ കെ.സി. ജോസഫ് എക്സൈസിലുള്ള താല്‍പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ പട്ടികയില്‍ മുകളിലായിരുന്നപ്പോള്‍ വിജിലന്‍സ് അടക്കം തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പിന്നീട് അകല്‍ച്ചയുണ്ടായെങ്കിലും അടുത്തകാലത്ത് അത് പരിഹരിച്ചു. ഇക്കാര്യത്തില്‍ തിരുവഞ്ചൂര്‍ അടക്കമുള്ളവരോട് മുഖ്യമന്ത്രി ഇതുവരെ അഭിപ്രായം ആരാഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്നം അടക്കം നിലനില്‍ക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെട്ട തുറമുഖ- മത്സ്യബന്ധന വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വെക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ വരും ദിവസം തന്നെ തീരുമാനമുണ്ടാവും.
അതേസമയം സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കിയ വിജിലന്‍സ് കോടതി വിധിക്ക് ഇടയാക്കിയത് വിജിലന്‍സ് വകുപ്പിന്‍െറ വീഴ്ചയാണെന്ന ആക്ഷേപം എ ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന രമേശ് ചെന്നിത്തല വേണ്ട ശ്രദ്ധ ഇക്കാര്യത്തില്‍ ചെലുത്തിയില്ളെന്ന ആക്ഷേപവുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാര്‍ച്ചില്‍ നിലവില്‍വരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ബാര്‍ കോഴക്കേസില്‍ ഒരു മാസത്തെ കാലാവധി വിജിലന്‍സ് ചോദിച്ചത് ജുഡീഷ്യറിയെ പ്രകോപിപ്പിക്കുന്നതായിരുന്നു എന്ന വികാരമാണ് എ ഗ്രൂപ്പിന്. വരും ദിവസങ്ങളില്‍ ഇത് പലരൂപത്തില്‍ പുറത്തുവരും.
ബാബുവിന്‍െറ രാജിക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കടുത്ത നിലപാടും കാരണമായി. ബാബു ഉടനെ രാജിവെക്കേണ്ടെന്നും ബാബു രാജി സന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനം വരുന്നതുവരെ തുടരട്ടേയെന്ന നിലപാടായിരുന്നു എ ഗ്രൂപ്പിന്. എന്നാല്‍, ബാബു തുടരുന്നതോടെ ജനരക്ഷായാത്രയുടെ പ്രതിച്ഛായ മങ്ങുമെന്ന് തിരിച്ചറിഞ്ഞ വി.എം. സുധീരന്‍ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
