വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസില്ലാത്ത ബദലാണ് ലക്ഷ്യമെന്ന് പിണറായി
text_fieldsമലപ്പുറം: ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസില്ലാത്ത ബദല്‍ ആണ് ഇടതുപഷത്തിന്‍റെ ലക്ഷ്യമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബി.ജെ.പി ഭരണത്തിലെത്താന്‍ കാരണമായത് കോണ്‍ഗ്രസിന്‍റെ ജനവിരുദ്ധ നയമാണ്. അധികാരത്തിലെത്തിയ ബി.ജെ.പിയും ജനവിരുദ്ധ നയം തുടരുകയാണ്. ഇടതുപക്ഷം വര്‍ഗീയതയെ എതിര്‍ക്കുന്നത് നവ ഉദാരവല്‍ക്കരണ നയങ്ങളെ ആലിംഗനം ചെയ്തു കൊണ്ടാവില്ല. ഇവ രണ്ടിനെയും എതിര്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.
ഇടതുപക്ഷം വര്‍ഗീയതക്കെതിരെ എല്ലാ ഘട്ടത്തിലും പ്രതികരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിലും നിശബ്ദരായിട്ടില്ല. വര്‍ഗീയതയെ നേരിടുമ്പോള്‍ വോട്ടിനെക്കുറിച്ചല്ല ചിന്തിച്ചിട്ടുള്ളത്. മതനിരപേക്ഷതക്കായി ഉറച്ച നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്. മുസ് ലിം താല്‍പര്യം സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന മുസ് ലിം ലീഗിന്‍റെ നിലപാടാണ് കാപട്യം. ബാബറി മസ്ജിദ് തകര്‍ത്ത സംഘ്പരിവാറിന് കൂട്ടുനിന്നത് ലീഗിന്‍റെ ഘടകകക്ഷിയായ കോണ്‍ഗ്രസാണ്. ഉണ്ടായിരുന്ന നാലു സീറ്റ് സംരക്ഷിക്കാനാണ് ലീഗ് ശ്രമിച്ചത്. അന്ന് മതനിരപേക്ഷതക്കുവേണ്ടി നിലകൊണ്ട വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്ത പ്രസ്ഥാനമാണ് സി.പി.എം. സംഘ്പരിവാറിന് നിയമസഭയിലും ലോകസഭയിലും സീറ്റ് ഉറപ്പിക്കാനായി ഉണ്ടായ വടകര–ബേപ്പൂര്‍ മോഡലിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാനും ലീഗിന് മടിയുണ്ടായില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടരെ തുടരെ എടുത്തിട്ടും അതിനെ എതിര്‍ക്കാന്‍ ലീഗ് തയാറായിട്ടില്ല. വെള്ളാപ്പള്ളി ആർ.എസ്.എസിനെ ശക്തിപ്പെടുത്താൻ അവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ലീഗും പ്രതികരിച്ചില്ല. ഈ ഘട്ടത്തിലെല്ലാം സി.പി.എം പ്രതികരിച്ചു. ഒരു ഘട്ടത്തിലും നിശബ്ദരായില്ല. അങ്ങനെയുള്ള സി.പി.എം സംഘ്പരിവാറിന് അനുകൂല നിലപാടാണ് എടുക്കുത്തതെന്ന ലീഗ് പ്രസ്താവന ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബാബു അഴിമതി നടത്തിയത് ബാബുവിനു വേണ്ടി മാത്രമല്ലെന്നും പിണറായി ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവെക്കുകയാണ് വേണ്ടത്. ചെന്നിത്തലക്ക് വിജിലന്‍സ് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
