അനുമതി നല്‍കാതെ ലാവലിനെതിരെ നടപടി സ്വീകരിക്കരുത് –ഹൈകോടതി
text_fieldsകൊച്ചി: കോടതിയുടെ അനുമതിയില്ലാതെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്ന് ഹൈകോടതി. കരിമ്പട്ടികയില്‍പെടുത്താതിരിക്കാന്‍ കാരണംതേടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസിനൊപ്പം കമ്പനി ആവശ്യപ്പെട്ട രേഖകള്‍ നാലാഴ്ചക്കകം സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു.
രേഖകള്‍ ലഭിച്ചാല്‍ അടുത്ത കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി കമ്പനി നല്‍കണമെന്നും എട്ടാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് 2015 സെപ്റ്റംബര്‍ 28ന് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനഡ ആസ്ഥാനമായ ലാവലിന്‍ കമ്പനി നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്.
കരാര്‍ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്രതലത്തില്‍ കരാര്‍ ഇടപാടുകള്‍ നടത്തി പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കമ്പനിക്കെതിരെ നിലനില്‍ക്കുന്ന ആരോപണങ്ങളൊന്നും ഉന്നയിക്കാനായിട്ടില്ല. ആരോപണങ്ങള്‍ അവ്യക്തവും സ്വയം പരസ്പര വിരുദ്ധവുമാണ്. ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണത്തിനാണ് ലാവലിനുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. സര്‍ക്കാറുമായുള്ള ഇടപാട് 15 വര്‍ഷം മുമ്പ് അവസാനിച്ചതാണ്. മലബാര്‍ കാന്‍സര്‍ സെന്‍ററുമായി ബന്ധപ്പെട്ട് മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് മാത്രമാണ് ഒപ്പുവെച്ചത്. ഇതുപോലും ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ സഹായിക്കാനുള്ള എം.ഒ.യുവാണ്. അല്ലാതെ, ബിസിനസുമായി ബന്ധപ്പെട്ട ഇടപാടല്ല. ബിസിനസ് ഇടപാട് അല്ലാത്ത കാര്യത്തിലാണ് കരാര്‍ലംഘനം ചൂണ്ടിക്കാട്ടി കരിമ്പട്ടികയില്‍പെടുത്താനുള്ള നടപടി തുടങ്ങിത്. ഈ സാഹചര്യത്തില്‍ ഇല്ലാത്ത കരാറിന്‍െറ പേരിലാണ് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്.
കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചശേഷം വ്യക്തമായ മറുപടിക്കായി ചില രേഖകള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് ആഗസ്റ്റ് 22ന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ രേഖകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ളെന്നും അകാരണമായ നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
കേസ് പരിഗണിച്ച കോടതി കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അതിലെ നിരീക്ഷണങ്ങള്‍ അന്തിമ തീരുമാനമല്ളെന്നും ചൂണ്ടിക്കാട്ടി. കേസിന് കാരണമായ ഓഡിറ്റ് റിപ്പോര്‍ട്ട്, ലംഘിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന കരാറുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ 16 രേഖകളാണ് കമ്പനി ആവശ്യപ്പെട്ടത്. സര്‍ക്കാറില്‍നിന്ന് രേഖകളോ വിശദീകരണമോ കിട്ടിയശേഷം നാലാഴ്ചക്കകം കമ്പനിയുടെ വിശദീകരണം സര്‍ക്കാറിന് നല്‍കണം. എതിര്‍പ്പുകളും ഹരജിക്കാരുടെ അഭിപ്രായങ്ങളും കേട്ടശേഷം സര്‍ക്കാറിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
