സോളാര്‍ കമീഷനെതിരെ സരിത ഹൈകോടതിയില്‍
text_fieldsകൊച്ചി: ജയിലില്‍ വെച്ച് എഴുതിയ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമീഷന് ഉത്തരവിനെതിരെ സരിത എസ്. നായര്‍ ഹൈകോടതിയില്‍. കത്ത് ഹാജരാക്കണമെന്ന നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
ജയിലില്‍ വെച്ച് സരിത എഴുതി അഭിഭാഷകന് കൈമാറിയ കത്ത് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തെളിവെടുപ്പിനിടെ കമീഷന് മുമ്പാകെ ഉയര്‍ന്നിരുന്നു. സരിതയുടെ അഭിഭാഷകന് ഈ ആവശ്യത്തെ എതിര്‍ത്തെങ്കിലും എതിര്‍പ്പ് തള്ളുകയും കത്ത് ഹാജരാക്കാന്‍ കമീഷന് നിര്‍ദേശിക്കുകയുമായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സരിത ഹരജി നല്‍കിയത്.
സ്വകാര്യസ്വഭാവം ഉള്ളതിനാലും ഉള്ളടക്കം കമീഷന്‍െറ പരിഗണനയിലുള്ള കാര്യമല്ലാത്തതിനാലും കത്ത് ഹാജരാക്കാന്‍ തടസ്സമുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. പ്രഫഷനല്‍ കമ്യൂണിക്കേഷന്െറ പരിധിയില്‍ വരുന്നതാണിത്. തെളിവുനിയമത്തിന്െറ 126ാം വകുപ്പ് പ്രകാരം ഇത്തരം കാര്യങ്ങള്‍ ഹാജരാക്കാന്‍ കോടതിക്കോ മറ്റുഫോറങ്ങള്ക്കോ ആവശ്യപ്പെടാനാകില്ല.
