പൂളാടിക്കുന്ന്–വെങ്ങളം ബൈപാസ് ഉദ്ഘാടനം ഇന്ന്
text_fieldsകക്കോടി: പൂളാടിക്കുന്ന്-വെങ്ങളം ബൈപാസിന്‍െറ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് പാലോറമല ജങ്ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ചടങ്ങില്‍ വ്യവസായ-ഐ.ടി മന്ത്രി കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പഞ്ചായത്ത്-സാമൂഹിക ക്ഷേമമന്ത്രി എം.കെ. മുനീര്‍, ആസൂത്രണ-ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകും. ഏറെ സമയവും നാലു കിലോമീറ്ററോളം ദൂരവും ലാഭിക്കാനാവും. കോരപ്പുഴ പാലത്തിലെ ഗതാഗതക്കുരുക്കും ഒഴിവാകും.
144.06 കോടി രൂപ ചെലവഴിച്ചാണ് പൂളാടിക്കുന്ന്-വെങ്ങളം ബൈപാസിന്‍െറ അവസാനഘട്ട റീച്ച് 5.1 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കിയത്.
24 മാസം കാലാവധി നല്‍കിയ പ്രവൃത്തി 16 മാസം കൊണ്ടാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മാണം നടത്തിയത്.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. പൂളാടിക്കുന്നിനും വെങ്ങളത്തിനുമിടക്ക് ബൈപാസിന് ഇരുവശത്തും സര്‍വിസ് റോഡും നിര്‍മിച്ചു. 490 മീറ്ററില്‍ 13 സ്പാനുകളിലായി കോരപ്പുഴക്കും 190 മീറ്ററില്‍ അഞ്ച് സ്പാനുകളിലായി പുറക്കാട്ടിരി പുഴക്കും പാലം പണിതു.
നാല് വലിയ അടിപ്പാതകളും പതിനഞ്ചോളം നടപ്പാതകളും നിര്‍മിച്ചിട്ടുണ്ട്.
മൂന്ന് ജങ്ഷനുകളിലും സിഗ്നല്‍ സംവിധാനം, കാല്‍നട യാത്രക്കാര്‍ക്കായി സര്‍വിസ് റോഡുകളില്‍നിന്ന് പടികള്‍, കോരപ്പുഴ പാലത്തില്‍ സോളാര്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍, മണ്ണിട്ടുയര്‍ത്തിയ റോഡ് ഇടിയാതിരിക്കാനായി പാവ്ഡ് ഷോള്‍ഡര്‍, ജങ്ഷനുകളില്‍ പൂന്തോട്ടം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
ബൈപാസ് വഴി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: പുതുതായി ഉദ്ഘാടനം നടത്തുന്ന പൂളാടിക്കുന്ന്-വെങ്ങളം ദേശീയപാതയിലൂടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊയിലാണ്ടി-വെങ്ങളം-മലാപ്പറമ്പ്-സിവില്‍ സ്റ്റേഷന്‍-കോഴിക്കോട് റൂട്ടിലും കൊയിലാണ്ടി-വെങ്ങളം-മലാപ്പറമ്പ്-തൊണ്ടയാട്-മെഡി. കോളജ് റൂട്ടിലും കൊയിലാണ്ടി-വെങ്ങളം-മലാപ്പറമ്പ്-തൊണ്ടയാട്-രാമനാട്ടുകര-യൂനിവേഴ്സിറ്റി റൂട്ടിലുമാണ് സര്‍വിസ് നടത്തുക. പാതയുടെ ഉദ്ഘാടനത്തിനുശേഷം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചതായി എം.കെ. രാഘവന്‍ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
