വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിക്ക് 10 കൊല്ലം കഠിന തടവും പിഴയും
text_fields
കോഴിക്കോട്: വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടുതവണയായി പീഡിപ്പിച്ച് മുങ്ങിയെന്ന കേസില്‍ പ്രതിക്ക് 10 കൊല്ലം കഠിന തടവും 10,000 രൂപ പിഴയും. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിന്‍െറ പശ്ചാത്തലത്തില്‍ 2012ല്‍ നിലവില്‍ വന്ന ലൈംഗിക കുറ്റങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം (പോക്സോ) തുടങ്ങിയ കോഴിക്കോട്ടെ പ്രത്യേക കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.
കൊട്ടാരക്കര അമ്പലംകുന്ന് ചാരുവിള പുത്തന്‍വീട്ടില്‍ ഗിരീഷിനെയാണ് (31) പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ നായര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത കൂരാച്ചുണ്ടുകാരിയായ പെണ്‍കുട്ടിയെ 2013 ഒക്ടോബര്‍ ആദ്യവാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തനേരം പീഡിപ്പിച്ചതായും പിന്നീട് സ്കൂളില്‍നിന്ന് പ്രതിയുടെ വീട്ടിലേക്ക്ഫോണില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചതായുമാണ് കേസ്.
ഇരയുടെ അരപവന്‍ കമ്മലുമായി കടന്ന പ്രതിയെപ്പറ്റി വിവരമില്ലാതായതോടെ ഞരമ്പ് മുറിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരപ്പണിക്കായി കൂരാച്ചുണ്ടില്‍ വന്ന് വാടകവീട്ടിലായിരുന്നു പ്രതിയുടെ താമസം. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 366എ, 376 വകുപ്പുകള്‍ പ്രകാരവും പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമം 5ാം വകുപ്പ് പ്രകാരവും മൊത്തം 15കൊല്ലം ശിക്ഷവിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി.
സ്വര്‍ണാഭരണം പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ഒരു കൊല്ലത്തോളം റിമാന്‍ഡില്‍ കഴിയുന്ന പ്രതി തടവില്‍ക്കഴിഞ്ഞ കാലാവധി ശിക്ഷയില്‍നിന്ന് ഇളവുചെയ്യും. 16സാക്ഷികളെ വിസ്തരിച്ച കേസില്‍ 18 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിബു ജോര്‍ജ്, അഡ്വ. സി. ഭവ്യ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
