Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

text_fields
bookmark_border
പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
cancel

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ പ്രതിയല്ലാത്തതിനാൽ ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നുവെന്ന ഒറ്റവരി വിധി പ്രസ്താവമാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നടത്തിയത്. ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായിരുന്നു.

രണ്ടാം തവണയാണ് ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ഈ സാഹചര്യത്തിൽ ജയരാജന് ചോദ്യം ചെയ്യലിനായി സി.ബി.ഐ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകേണ്ടി വരും. അതേസമയം, മേൽകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകാവുന്നതാണ്.

ആർ.എസ്.എസ് നേതാവ് കിഴക്കേ കതിരൂർ ഇളംതോടത്ത് മനോജിനെ കൊല ചെയ്ത കേസിൽ ചോദ്യം ചെയ്യാൻ ജനുവരി 12ന് ഹാജരാകണമെന്ന് രണ്ടാം തവണയും സി.ബി.ഐ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് ജയരാജൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി അനിൽ കുമാർ മുമ്പാകെ മുൻ ജാമ്യാപേക്ഷ നൽകിയത്.

ജനുവരി നാലിന് ഹാജരാകാന്‍ സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജൻ ഒരാഴ്ചത്തെ അവധി അപേക്ഷ നല്‍കുകയായിരുന്നു. അവധി അവസാനിച്ചതിനെ തുടർന്നാണ് ജനുവരി 12ന് തലശേരി ക്യാമ്പ് ഒാഫീസിൽ ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ജയരാജന്‍റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചു. എന്നാൽ, കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.

2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്. കേസിൽ ജയരാജനെ പ്രതി ചേർത്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story