ആന്ധ്രയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
text_fieldsകാസര്‍കോട്: ആന്ധ്രയിലെ കര്‍ണൂലിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് ദേലംപാടിയിലെ അഞ്ചംഗ കുടുംബവും ആന്ധ്ര സ്വദേശിയായ ഡ്രൈവറും മരിച്ചു.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ദേലംപാടി പഞ്ചായത്തില്‍പെട്ട ഊജംപാടി ഹിദായത്ത് നഗറിലെ കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ (65), ഭാര്യ ത്രേസ്യാമ്മ (62), മകന്‍ തെലങ്കാന മെഹബൂബ് നഗറിലെ മക്താലില്‍ കേരള ടെക്നോ ഹൈസ്കൂള്‍ ഉടമയായ പി.ഡി. റോബിന്‍സ് (38), ഭാര്യ കോട്ടയം പൂഞ്ഞാര്‍ അടിവാരത്തെ ഒഴുകയില്‍ കുടുംബാംഗം ബിസ് മോള്‍ (28), നാലുമാസം പ്രായമുള്ള മകന്‍ ഐവാന്‍, ഇവര്‍ സഞ്ചരിച്ച കാറിന്‍െറ ഡ്രൈവര്‍ ഹൈദരാബാദ് സ്വദേശി പവന്‍കുമാര്‍ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് ഹൈദരാബാദില്‍നിന്ന് 200 കിലോമീറ്ററോളം അകലെ കര്‍ണൂല്‍ പശ്ചിമഗിരിയില്‍ അപകടമുണ്ടായത്. കാര്‍ കലുങ്കില്‍ ഇടിച്ച് തകരുകയായിരുന്നു. യാത്രക്കാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
റോബിന്‍സിന്‍െറ മകന്‍ ഐവാന്‍െറ മാമോദീസ ചടങ്ങ് കഴിഞ്ഞ് പൂഞ്ഞാറില്‍നിന്ന് തെലങ്കാനയിലെ റോബിന്‍സിന്‍െറ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. അവിടെയത്തൊന്‍ നാലുകിലോമീറ്റര്‍ മാത്രം ശേഷിക്കേയാണ് ദുരന്തം. പൂഞ്ഞാര്‍ അടിവാരത്തെ പള്ളിയിലായിരുന്നു മാമോദീസ ചടങ്ങ്. നേരത്തേ കണ്ണൂര്‍ ആലക്കോട്ട് താമസിച്ചിരുന്ന ദേവസ്യയുടെ കുടുംബം 30 വര്‍ഷം മുമ്പാണ് ഊജംപാടിയിലേക്ക് താമസം മാറ്റിയത്. മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഊജംപാടിയിലെ വീട്ടിലത്തെിക്കും.
തെലങ്കാന വാഹനാപകടം: മടക്കം മരണത്തിലേക്കാണെന്ന് അവര്‍ കരുതിയില്ല
ഈരാറ്റുപേട്ട: തെലങ്കാന വാഹനാപകടത്തില്‍ മരിച്ച റോബിന്‍െറയും കുടുംബത്തിന്‍െറയും വേര്‍പാട് വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് പൂഞ്ഞാര്‍ അടിവാരം ഗ്രാമം. മകന്‍ ഐവാന്‍െറ മാമോദീസ ചടങ്ങിന് റോബിന്‍ മാതാപിതാക്കളായ ദേവസ്യക്കും ത്രേസ്യാമ്മക്കൊപ്പം വെള്ളിയാഴ്ചയാണ് നാട്ടിലത്തെിയത്.ശനിയാഴ്ച രാവിലെ 7.30ന് അടിവാരം സെന്‍റ് മേരീസ് പള്ളിയിലായിരുന്നു ചടങ്ങ് നടന്നത്. മാമോദീസയുടെ ആഹ്ളാദം തീരും മുമ്പേ അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തവാര്‍ത്തയുടെ ആഘാതത്തിലാണ് ബന്ധുക്കള്‍. തിരികെമടങ്ങവെ മരണം കവര്‍ന്ന കുടുംബത്തിന്‍െറ വാര്‍ത്തയറിഞ്ഞ് അടിവാരം നിവാസികള്‍ നടുങ്ങി.
മകളെ ഓമനിച്ചു തീരുംമുമ്പെ കുഞ്ഞ് ഐവാനെയും നഷ്ടപ്പെട്ടതിന്‍െറ വേദനയില്‍ കഴിയുന്ന ഒഴുകയില്‍ ജേക്കബിനെയും റോസക്കുട്ടിയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും അയല്‍വാസികളും. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഒഴുകയില്‍ വീട്ടിലേക്കത്തെുന്നത്. കാസര്‍കോട് ബദിയടുക്കയില്‍നിന്ന് തെലങ്കാനയിലത്തെി സ്ഥിരതാമസമാക്കിയിരുന്ന റോബിന്‍ അവിടെ കേരള ടെക്നോ സ്കൂള്‍ നടത്തിവരുകയായിരുന്നു. ഇതേ സ്കൂളില്‍ തന്നെ ജോലി നോക്കുകയായിരുന്നു ഭാര്യ ബിസിമോള്‍.
ഒന്നരവര്‍ഷം മുമ്പായിരുന്നു റോബിന്‍െറയും ബിസിമോളുടെയും വിവാഹം. പ്രസവത്തിന് അഞ്ചു മാസം മുമ്പായിരുന്നു ബിസിമോള്‍ അടിവാരത്തെ വീട്ടിലത്തെിയത്. തെലങ്കാനയില്‍നിന്ന് ഡ്രൈവറുമൊത്ത് ഐവാന്‍െറ മാമോദീസ ചടങ്ങിനായി കാറിലത്തെിയതാണ് റോബിന്‍.
ശനിയാഴ്ചത്തെ മാമോദീസ ചടങ്ങിനുശേഷം ഇവര്‍ ഞായറാഴ്ച പുലര്‍ച്ചെ ബിസിമോളെയും മകന്‍ ഐവാനേയും കൂട്ടി തെലങ്കാനയിലേക്ക് പുറപ്പെട്ടെങ്കിലും ലക്ഷ്യത്തിലത്തെും മുമ്പ് ജീവന്‍ കവരുകയായിരുന്നു. സിസ്റ്റര്‍ ബിന്‍സി, ബറ്റ്സി, ബിസ്മി എന്നിവരാണ് ബിസിമോളുടെ സഹോദരിമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
