ഭക്ഷ്യസുരക്ഷ പദ്ധതി: കേരളവും മുന്‍ഗണന പട്ടിക തയാറാക്കുന്നു
text_fieldsതൃശൂര്‍: കേന്ദ്ര ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ സബ്സിഡി വസ്തുക്കള്‍ ലഭിക്കുന്ന മുന്‍ഗണന പട്ടികയില്‍ നിന്നും പുറത്താവുന്നവരെ തീറ്റിപ്പോറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പട്ടിക തയാറാക്കുന്നു. നിലവിലെ ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്തുപോകുന്നവര്‍ക്കായി സംസ്ഥാന മുന്‍ഗണന പട്ടിക (സ്റ്റേറ്റ് പ്രയോററ്റി ലിസ്റ്റ്) എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
നിലവില്‍ സൗജന്യറേഷന്‍ നല്‍കുന്ന അന്ത്യോദയ (എ.വൈ) വിഭാഗക്കാരെ കേന്ദ്ര മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ദാരിദ്രരേഖക്ക് താഴെയുള്ള 50 ശതമാനത്തിലേറെ പേര്‍ ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ നിന്നും പുറത്തുപോകുന്നതിനുള്ള സാഹചര്യമാണ് തെളിയുന്നത്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡ് ഉടമകള്‍ തന്നെ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മുന്‍ഗണന പട്ടിക തയാറാവുന്നത്. ഇനി നടക്കാനുള്ള സോഷ്യല്‍ ഓഡിറ്റിങ് കഴിഞ്ഞാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പട്ടിക നിലവില്‍ വരും. ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ 52 ശതമാനവും പട്ടണങ്ങളില്‍ 39 ശതമാനവും ജനത്തിന് മാത്രമേ സബ്സിഡി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുകയുള്ളു.
അതുകൊണ്ട് തന്നെ നിലവില്‍ സബ്സിഡി ലഭിക്കുന്ന 50 ശതമാനത്തില്‍ ഏറെപേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നഷ്ടമാവും. ഇത്രയും അധികം ആളുകള്‍ പുറത്തുപോകുന്നത് ആസന്നമായ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് പുതിയ സാഹസത്തിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകയാണ് ഇതിന് യു.ഡി.എഫ് സര്‍ക്കാര്‍ അവലംബിക്കുന്നത്. പദ്ധതി പഠിക്കുന്നതിന് വകുപ്പിലെ പ്രധാനപ്പെട്ടവര്‍ മാസങ്ങള്‍ക്ക് മുമ്പ് ആന്ധ്രയിലേക്ക് പോയിരുന്നു. നേരത്തെ റേഷന്‍ നല്‍കിയിരുന്ന നിലവില്‍ മുന്‍ഗണന പട്ടികയില്‍ നിന്നും തഴയപ്പെട്ട മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയാണ് ആന്ധ്ര സര്‍ക്കാര്‍ പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ആന്ധ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഇതേ മാതൃക തുടരുന്നതിനാണ് കേരളസര്‍ക്കാറും ശ്രമിക്കുന്നത്. കാര്‍ഷിക സംസ്ഥാനമായ ആന്ധ്രപ്രദേശിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വലിയ ബാധ്യത ഉണ്ടാവുകയില്ല. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (എഫ്.സി.ഐ) തന്നെ ഭക്ഷ്യവസ്തുക്കള്‍ക്കായി ആശ്രയിക്കേണ്ടിവരും. വന്‍വില നല്‍കിയാല്‍ മാത്രമേ നിലവിലെസാഹചര്യത്തില്‍ എഫ്.സി.ഐയില്‍ നിന്നും ഭക്ഷ്യസുരക്ഷയുടെ ഭാഗമല്ലാത്ത ധാന്യങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ 50 കോടിയോളം പ്രതിമാസം റേഷന്‍വസ്തുക്കള്‍ക്കായി സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. ഭക്ഷ്യസുരക്ഷയിലും സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതിയും കൂടി വരുന്നതോടെ കനത്ത ബാധ്യതയാവും സര്‍ക്കാറിന് വരാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
