ആന്ധ്രയിൽ വാഹനാപകടം: അഞ്ച് മലയാളികൾ അടക്കം ആറ് മരണം
text_fieldsകാസർകോട്: ആന്ധ്രയിലെ കർണൂലിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ അടക്കം ആറു പേർ മരിച്ചു. കാസർകോട് ദേലമ്പാടി സ്വദേശി പി.ഡി റോബിൻ, ഭാര്യ ബിസ് മോൾ, നാലു മാസം പ്രായമുള്ള കുഞ്ഞ്, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ആന്ധ്രാ സ്വദേശിയും ഡ്രൈവറുമായ പവൻ എന്നിവരാണ് മരിച്ചത്.
കുഞ്ഞിന്‍റെ മാമോദീസ കർമം നടത്തിയ ശേഷം കോട്ടയത്ത് നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു സംഘം. റോബിന്‍റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ ചടങ്ങ് നടന്നത്. പുലർച്ചെ രണ്ടിന് ആന്ധ്രയിലെ പൊൻതുരുത്തിയിൽ കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിലാണ് സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അപകടസ്ഥലത്തിന് സമീപത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
തെലങ്കാന മെഹബൂബ് നഗർ ജില്ലാ മലയാളി അസോസിയേഷൻ പ്രസിഡന്‍റാണ് റോബിൻ. മെഹൂബൂബ് നഗറിലെ മക്കലിൽ കേരളാ മോഡൽ സ്കൂൾ നടത്തി വരികയായിരുന്നു. അടുത്ത കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ച തെലങ്കാന എഡ്യുക്കേഷൻ സൊസൈറ്റി എന്ന ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറിയുമാണ്. വർഷങ്ങളായി റോബിനും കുടുംബവും തെലങ്കാനയിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
