പൊന്നൂട്ടീ, ഈ വീട്ടിലെ മോളാണ് നീ...
text_fieldsതൃക്കരിപ്പൂര്‍: പേക്കടത്തെ ഈ വീടാണ് പൊന്നൂട്ടിയുടെ കൂട്. അവളുടെ കൊഞ്ചലില്‍, മക്കളില്ലാത്തതിന്‍െറ വ്യഥകള്‍ നിഴലിക്കുന്ന വീട് മുഖരിതമാവുന്നു. ഊണിലും ഉറക്കിലും ദമ്പതിമാരുടെ അരുമയായി, അപൂര്‍വ സ്നേഹവാത്സല്യങ്ങള്‍ ഇഴചേര്‍ക്കുകയാണ് ആസ്ട്രേലിയന്‍ ഓമനത്തത്ത. തൃക്കരിപ്പൂര്‍ കെ.എസ്.എഫ്.ഇ ഓഫിസിലെ ജീവനക്കാരനായ എന്‍. സുരേന്ദ്രനും ഭാര്യ പയ്യന്നൂര്‍ മുനിസിപ്പല്‍ ഓഫിസിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രാധാമണിക്കും പിറക്കാതെപോയ മകളാണ് പൊന്നൂട്ടി. ഇവരുടെ ദിനചര്യകള്‍ പൊന്നൂട്ടിയുടേത് കൂടിയാണ്.
കിടപ്പറയിലെ കസേരക്കൈയിലാണ് ഉറക്കം. ഉണരുമ്പോള്‍ അവള്‍ക്ക് അച്ഛനമ്മമാരെ കാണണം. രാവിലെ ഉണര്‍ന്ന് തലയിണയില്‍ വന്നിരുന്ന് കൊഞ്ചിവിളിക്കും. വിളി കേട്ടില്ളെങ്കില്‍ പിന്നെ സ്നേഹപ്രകടനമാണ്. കൊക്കുകൊണ്ട് ഇക്കിളിയിട്ട് ഉമ്മകൊടുക്കും. ഉമ്മവെക്കുന്ന ശബ്ദംപോലും അവള്‍ അനുകരിക്കുന്നു. രാധാമണി അടുക്കളയിലെ തിരക്കില്‍ അലിയുമ്പോള്‍ പൊന്നൂട്ടി തോളത്തുണ്ടാവും. അരിഞ്ഞിടുന്ന പച്ചക്കറികളില്‍ ഒന്നോ രണ്ടോ കഷണം അകത്താക്കും.
പിന്നെ സുരേന്ദ്രന്‍െറ ഊഴമാണ്. മുടി ചീകുമ്പോള്‍ അവളും കണ്ണാടിക്ക് മുന്നിലത്തെും. കമ്പ്യൂട്ടര്‍ തുറന്നാല്‍ നിറയെ അവളുടെ ചിത്രങ്ങളാണ്. മോണിറ്ററിന് മുകളില്‍ കയറിയിരുന്ന് ചിത്രങ്ങള്‍ നോക്കും. അവളുടെ ഭാഷയില്‍ ലൈക്കടിക്കും. വേഷം മാറിവരുമ്പോള്‍ ടാറ്റ തുടങ്ങും. തോളില്‍ കയറിയിരുന്ന് എന്തൊക്കെയോ ആവശ്യപ്പെടും. കടലയും തിനയുമൊക്കെയായി സുരേന്ദ്രന് അതൊക്കെ തിരിച്ചറിയാം. അവളുടെ തുറന്ന കൂടുപോലും വീടിനകത്താണ്. വീട്ടില്‍ ആളില്ലാത്ത സമയത്ത് സുരക്ഷിതത്വം മാനിച്ചാണ് പൊന്നൂട്ടി കൂട്ടില്‍ കയറുന്നത്. ഒന്നോ രണ്ടോ ദിവസം മാറിനില്‍ക്കേണ്ടിവരുമ്പോള്‍ രാധാമണി അവളെ അമ്മയുടെ വീട്ടിലാക്കും.
അമ്മയോടും അവള്‍ സൗഹൃദത്തിലാണ്. പൊന്നൂട്ടിക്ക് ഇപ്പോള്‍ ഒരു വയസ്സായി. അമ്മയും അച്ഛനും സഹോദരങ്ങളും വീടിന് വെളിയില്‍ കൂട്ടിലാണ്. അവര്‍ക്കൊന്നും പൊന്നൂട്ടിയുടെ പരിഗണനയില്ല. ‘നിംഫിക്കസ്’ ജനുസില്‍പെട്ട ഏക അംഗമാണ് ‘കൊക്കട്ടിയെല്‍’ എന്ന ഈ ഓമന പറവ. ‘കൊക്കറ്റൂ’ കുടുംബത്തില്‍പെട്ട കുഞ്ഞനാണ് നിംഫിക്കസ്. ശിരസ്സിലെ തൂവല്‍ കിരീടവും കണ്ണിനരികെയുള്ള പൊട്ടുമാണ് ഇവയെ തത്തകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. വിവിധ വര്‍ണങ്ങളില്‍ കണ്ടുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
