മുതിര്‍ന്ന പൗരന്മാരുടെ കേസുകള്‍ക്ക് മുന്‍ഗണന; പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ട് കോടതികളിലും ട്രൈബ്യൂണലുകളിലും നിലവിലുള്ള കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം കോര്‍ട്ട് മാനേജ്മെന്‍റ് കമ്മിറ്റിയുടെ പരിഗണനയില്‍ കൊണ്ടുവരണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നിവേദനമായി ഹൈകോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തീര്‍പ്പാകാത്ത കേസുകള്‍ കെട്ടിക്കിടക്കുന്നതുമൂലം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. ഇത്തരം കേസുകള്‍ക്ക് മുന്‍ഗണന നല്‍കി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട റെഗുലേഷന്‍ ബോര്‍ഡ് സ്പെഷല്‍ ഓഫിസറും ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വി.കെ. ബീരാനാണ് ഹരജി നല്‍കിയത്.സ്പെഷല്‍ ഓഫിസര്‍ എന്ന നിലയില്‍ വിവിധ ജില്ലകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ നടത്തിയ തെളിവെടുപ്പുകളില്‍ തീര്‍പ്പാകാത്ത കേസുകള്‍ സംബന്ധിച്ച പരാതികളാണ് കൂടുതലുണ്ടായിരുന്നതെന്ന് ഹരജിയില്‍ പറയുന്നു.
പതിറ്റാണ്ടുകളായിട്ടും തീരാത്ത കേസുകള്‍ ഇവരെ ഏറെ അലട്ടുന്നു. ഇതുമൂലം ബുദ്ധിമുട്ടുകളും പീഡനങ്ങളും നേരിടേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ കേസുകള്‍ സംബന്ധിച്ച വിഷയമുന്നയിച്ച് ഹരജി നല്‍കിയത്. 60ന് മുകളില്‍ പ്രായമുള്ളവരുടെ കേസുകള്‍ സംബന്ധിച്ച പ്രത്യേക പട്ടികയുണ്ടാക്കി ഈ കേസുകള്‍ക്ക് മുന്‍ഗണന നല്‍കി തീര്‍പ്പാക്കണമെന്നാണ് പ്രധാന ആവശ്യം. എല്ലാ കോടതികളിലും ട്രൈബ്യൂണലുകളിലും ഫോറങ്ങളിലുമുള്ള കേസുകള്‍ സംബന്ധിച്ച പട്ടിക ഇത്തരത്തില്‍ തയാറാക്കണം. കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കാനാവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹരജിയില്‍ ഉന്നയിക്കപ്പെട്ട വിഷയത്തില്‍ കോടതി നേരത്തേതന്നെ നടപടി സ്വീകരിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്മാരുടെ ഹരജികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സംബന്ധിച്ച് ഹൈകോടതി ഓഫിസ് ഓഫ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതിന് തെളിവുകള്‍ ഹരജിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി നടപടി ഉണ്ടാവേണ്ടത് കോര്‍ട്ട് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നാണ്. അതിനാല്‍ ഹരജിയിലെ ആവശ്യങ്ങള്‍ രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണം. നിവേദനം ലഭിക്കുന്ന മുറക്ക് കമ്മിറ്റി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്, ഹരജിയിലെ വിഷയത്തില്‍ കോടതി ഇടപെടേണ്ടതില്ളെന്നും പ്രത്യേക ഉത്തരവ് ആവശ്യമില്ളെന്നും വ്യക്തമാക്കിയ കോടതി ഹരജി തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
