ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിദേശ അധ്യാപകരെ കൊണ്ടുവരാന്‍ പിന്തുണ –സ്മൃതി ഇറാനി
text_fieldsവിതുര (തിരുവനന്തപുരം): സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിദേശ അധ്യാപകരെ കൊണ്ടുവരാനും അറിവുകള്‍ ലഭ്യമാക്കാനും എല്ലാ പിന്തുണയും നല്‍കുമെന്നും ഒരു സെമസ്റ്ററില്‍ ഏഴുദിവസത്തില്‍ അധികമാകാതെ ഇത്തരത്തില്‍ വിദേശ ഫാക്കല്‍റ്റികളെ എത്തിക്കാനുള്ള പദ്ധതി നിലവിലുണ്ടെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ഐസര്‍) ഒന്നാംഘട്ട സ്ഥിരം കാമ്പസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
കേന്ദ്ര സര്‍ക്കാറിന്‍െറ പദ്ധതിയായ ആഗോള വിജ്ഞാന ശൃംഖല (ഗ്യാന്‍) വിദേശ വിദ്യാഭ്യാസ വിചക്ഷണരുടെ സേവനം ഐസറിന് ലഭ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ സമൂഹത്തിന്‍െറ അജ്ഞത ഇല്ലാതാക്കാന്‍ യത്നിക്കണം. ശാസ്ത്ര വളര്‍ച്ചക്ക് ‘ഐസര്‍’പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയും.
സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ സമര്‍പ്പിച്ചാല്‍ വിതുരയില്‍ കേന്ദ്രീയ വിദ്യാലയം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പാലക്കാട്ടെ പുതിയ ഐ.ഐ.ടിക്ക് ആഴ്ചകള്‍ക്കകം സ്ഥിരം കാമ്പസ് ലഭിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനയ് ശീല്‍ ഒബ്രോയ് ഉറപ്പുനല്‍കി.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനും ഉറപ്പാക്കാനും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തേവിയോട് മുതല്‍ ഐസര്‍ കാമ്പസ് വരെയുള്ള റോഡ് മെച്ചപ്പെടുത്താന്‍ വേഗം നടപടിയുണ്ടാകും. എന്നാല്‍, റോഡ് വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുക്കലിന്‍െറയും മറ്റും ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐസര്‍ ഗവേണന്‍സ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ടെസി തോമസ്, ഐസര്‍ ഡയറക്ടര്‍ പ്രഫ. വി. രാമകൃഷ്ണന്‍, വിതുര പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എല്‍. കൃഷ്ണകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
