'ലാവലിൻ കേസിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് സ്വന്തം പാർട്ടിക്കാരെ'
text_fieldsകാസർകോട്: ലാവലിൻ കേസിലൂടെ തനിക്കെതിരെ നീങ്ങുമ്പോഴും സ്വന്തം പാർട്ടിയിലെ ചിലരെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ലക്ഷ്യമിടുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേസിൽ സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയുടെ സത്യം എല്ലാവർക്കും മനസിലായിട്ടുണ്ട്. കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്നും പിണറായി പറഞ്ഞു. നവകേരള മാർച്ചിന് മുന്നോടിയായി എൻഡോസൾഫാൻ ദുരിതബാധിതമേഖലകൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പിണറായി വിജയനെതിരെ ഉപഹരജി നൽകുന്ന കാര്യത്തിൽ തന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിധത്തിലുള്ള ഇടപെടലോ ഇഷ്ടാനിഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഹരജി നൽകാൻ പോകുന്ന വിവരം അറിഞ്ഞതുതന്നെ ദൃശ്യമാധ്യമങ്ങളിൽ നിന്നാണ് എന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാർത്താലേഖകരോട് പ്രതികരിച്ചത്. സി.ബി.ഐ സമർപ്പിച്ച പുനഃപരിശോധനാ ഹരജി നിലനിൽക്കുമ്പോൾ, സർക്കാർ ഹൈകോടതിയെ സമീപിക്കുന്നതു ശരിയല്ലെന്ന് നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ‘അതും താനറിഞ്ഞിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ലാവലിൻ ചീറ്റിപ്പോയ കാര്യമാണെന്നും ഇനി ആര് വിചാരിച്ചാലും അത് കത്തിക്കാനാകില്ലെന്നും പിണറായി വിജയന്‍ കേരളകൗമുദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രചാരണം അഴിച്ചു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കാറുണ്ട്. അതിന്‍റ ഭാഗമായേ ഇപ്പോഴത്തെ കാര്യങ്ങളേയും കാണാനാകൂ. 2006 മുതല്‍ ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണിതെന്നും പിണറായി അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
