മറ്റാര്‍ക്കുമില്ല, ഇവരോളം പറയാന്‍...
text_fieldsതൃശൂര്‍: പാര്‍ശ്വവത്കരിക്കപ്പെട്ട അവര്‍ നാളെയെ സ്വപ്നം കാണുന്നു. അംഗീകാരത്തിന്‍െറ, സമത്വത്തിന്‍െറ സുന്ദരമായ ഒരു നാളെ. സമൂഹത്തിന്‍െറയും കുടുംബത്തിന്‍െറയും പരിഹാസവും അവഗണനയും അവരുടെ പ്രതീക്ഷകള്‍ കെടുത്തുന്നില്ല. സമൂഹത്തോട് പറയാന്‍ കരുതിവെച്ചത് നാടകരൂപത്തിലാക്കിയാണ് അന്താരാഷ്ട്ര നാടക (ഇറ്റ്ഫോക്) വേദിയില്‍ അവര്‍ എത്തിയത്. ഭിന്നലിംഗക്കാരെന്ന് വിളിച്ച് മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുമ്പോഴും ‘ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ’ എന്ന വിലാപവുമായി അവര്‍ നമുക്ക് പിന്നാലെയുണ്ട്.
‘ഞങ്ങളിപ്പോഴും സ്വന്തം ഇടങ്ങള്‍ക്കായി പോരാടുകയാണ്’ -ഇത് പറയുമ്പോള്‍ ‘ലിവിങ് സ്മൈല്‍’ വിദ്യയുടെ കണ്ണുകളിലെ തീവ്രത അവരുടേത് എത്രത്തോളം ഒറ്റപ്പെട്ട ജീവിതമാണെന്ന് വിളിച്ചുപറയുന്നു. ചെന്നൈയിലെ പന്‍മൈ തിയറ്ററിന്‍െറ ബാനറില്‍ ‘കളേഴ്സ് ഓഫ് ട്രാന്‍സ് 2.0’ എന്ന നാടകവുമായി തൃശൂരില്‍ എത്തിയതാണ് അഭിനേതാക്കളായ ലിവിങ് സ്മൈല്‍ വിദ്യയും ഗീ ഇംഗാനും ഏഞ്ചല്‍ ഗ്ളാഡിയും. നാടകങ്ങളെയും മറ്റ് കലാരൂപങ്ങളെയും കുറിച്ച് ഇവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്.
പ്രദേശിക നാടകങ്ങള്‍ മാത്രമാണ് രാഷ്ട്രീയം പറയുന്നതെന്നും ഇന്ത്യന്‍ ഇംഗ്ളീഷ് നാടകങ്ങള്‍ വിനോദത്തില്‍ മാത്രം ഊന്നുന്നുവെന്നുമാണ് വിദ്യയുടെ അഭിപ്രായം. തങ്ങളുടെ അവസരങ്ങളെ മുഖ്യധാരയിലുള്ളവര്‍ തടയുകയാണ്. കുറച്ചാളുകള്‍ക്ക് മാത്രമാണ് കലാപ്രവര്‍ത്തനം സാധിക്കുന്നത്, അതും നൃത്തരൂപങ്ങള്‍. പഠന കാലത്ത് വിദ്യ നാടക ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.
‘ജോലിക്ക് അവസരമില്ല, രക്ഷിതാക്കളുടെ പിന്തുണയില്ല. പിന്നെ എങ്ങനെ ജീവിക്കും?’- തങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ ആവുന്നതിന്‍െറ ഏറ്റവും ലളിതമായ കാരണമാണ് ഏഞ്ചല്‍ ഗ്ളാഡി പറയുന്നത്. ‘അവസരം തന്നിട്ട് തീരുമാനിക്കൂ ഞങ്ങള്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരാണോ എന്ന്. അംഗീകരിക്കുന്നുവെന്ന് പറയുന്നവര്‍ പോലും അകലം കല്‍പിക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും ഉയരാനായിട്ടില്ല. അതിനാണ് സമൂഹത്തിന്‍െറ സഹായം ചോദിക്കുന്നത്’-വിദ്യ പറഞ്ഞു.
‘നാടകം ഞങ്ങളോടുള്ള സമൂഹത്തിന്‍െറ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ പോരാട്ടം തുടരും’-സംഘാംഗങ്ങള്‍ പറയുന്നു. വീട്ടിലും സമൂഹത്തിലും ഇടം തേടുന്ന മൂന്ന് പേരുടെ കഥ പറയുന്ന ഒരു മണിക്കൂര്‍ നാടകം വ്യാഴാഴ്ച രാത്രി 9.30ന് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
