കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്‍റെ ജാമ്യാപേക്ഷ 18ലേക്ക് മാറ്റി
text_fieldsതലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജൻ തലശ്ശേരി ജില്ലാ കോടതിയിൽ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 18ലേക്ക് മാറ്റി. മുൻകൂർ ജാമ്യാപേക്ഷ സംബന്ധിച്ച് സി.ബി.ഐക്ക് കോടതി നോട്ടീസയക്കും. സി.ബി.ഐയുടെ വിശദീകരണം ലഭിച്ച ശേഷം മുൻകൂർ ജാമ്യ ഹരജിയിൽ വിചാരണ നടത്തിയ ശേഷമായിരിക്കും വിധി പ്രസ്താവിക്കുക. സി.ബി.ഐ. തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നൽകിയതിനെ തുടര്‍ന്നാണ് ജയരാജന്‍ കോടതിയില്‍ ജാമ്യാപേക്ഷ നൽകിയത്. ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ പ്രേരിതമായാണ് നടപടിയെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ട്. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ചൊവ്വാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ജയരാജന് സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. ഈ മാസം അഞ്ചിന് ഹാജാരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശാരീരികാവശതകള്‍ കാരണം ഹാജരാകാനാവില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പി. ജയരാജന് സി.ബി.ഐ നോട്ടീസ് നല്‍കിയത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍നിന്ന് കാറില്‍ തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ മനോജ് കൊല്ലപ്പെട്ടത്. വാനിനുനേരെ ബോംബെറിഞ്ഞശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
