മരുമകളുടെ മൃതദേഹം കൊണ്ടുവരാന്‍ പോയയാള്‍ കാറപകടത്തില്‍ മരിച്ചു
text_fieldsമാത്തൂര്‍ (പാലക്കാട്): ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച മരുമകളുടെ മൃതദേഹം കൊണ്ടുവരാന്‍ പോയയാള്‍ കാറപകടത്തില്‍ മരിച്ചു. മാത്തൂര്‍ അഗ്രഹാരത്തിനടുത്ത് വെങ്ങോലക്കളം മണിയനാണ് (65) തൃശൂര്‍ മണ്ണൂത്തിക്കടത്ത് നടത്തറയില്‍ കാറപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മണിയനും സഹോദര പുത്രന്‍ ശിവദാസനും സഞ്ചരിച്ച കാര്‍ മുന്നിലുള്ള ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം.
മണിയന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശിവദാസിനെ സാരമായ പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ അസീസിന് നിസ്സാര പരിക്കേറ്റു. മണിയന്‍ തപാല്‍ വകുപ്പില്‍നിന്ന് അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ചയാളാണ്.
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസ്ഥിരോഗ വിദഗ്ധനായ മകന്‍ ഡോ. മനോജിന്‍െറ ഭാര്യയും പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ ഡോക്ടറുമായ മൗഷ്മിയാണ് (28) ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലോടെ മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനാണ് മണിയനും ബന്ധുവും എറണാകുളത്തേക്ക് പോയത്. തിരുവനന്തപുരം സ്വദേശിയാണ് ഡോ. മൗഷ്മി. മകന്‍: തേജസ് മനോജ്. പരേതയായ ജാനകിയാണ് മണിയന്‍െറ ഭാര്യ. മകള്‍: മഞ്ജുഷ. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തിരുവില്വാമല പാമ്പാടി ഐവര്‍മഠത്തില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
