ആര്‍.ടി ഓഫിസുകളിലെ ഏജന്‍റ് ഭരണം അവസാനിപ്പിക്കാന്‍ കുടുംബശ്രീ ഇ-സേവ കേന്ദ്രങ്ങള്‍
text_fieldsപാലക്കാട്: വിജിലന്‍സ് ഇടപെട്ടിട്ടും ആര്‍.ടി ഓഫിസുകളില്‍ ഏജന്‍റ് ഭരണത്തിന് അറുതിയില്ലാത്ത സാഹചര്യത്തില്‍ ഇ-സേവ കേന്ദ്രങ്ങള്‍ തുറന്ന് അഴിമതിക്ക് തടയിടാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നടപടി. ഇതിന്‍െറ ഭാഗമായി സംസ്ഥാനത്ത് 17 ആര്‍.ടി ഓഫിസുകളിലും 55 ജോയന്‍റ് ആര്‍.ടി ഓഫിസുകളിലും കുടുംബശ്രീ മിഷനുമായി സഹകരിച്ച് ഇ-സേവ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. ഫ്രന്‍റ്സ് ജനസേവനകേന്ദ്രങ്ങളില്‍നിന്ന് ജീവനക്കാരെ പിന്‍വലിച്ചതിന്‍െറ തുടര്‍ച്ചയായാണ് ആര്‍.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിവിധ സേവനങ്ങള്‍ക്ക് പ്രത്യേകം സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധതരം ഫീസുകള്‍, നികുതി എന്നിവ കുറഞ്ഞ സര്‍വീസ് ചാര്‍ജ് ഈടാക്കി ഇ-സേവ കേന്ദ്രകളില്‍ സ്വീകരിക്കും. അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതടക്കം അനുബന്ധ സേവനങ്ങളും ലഭ്യമാകും. ഡാറ്റാ എന്‍ട്രിക്ക് പത്തു രൂപയും ഫോമുകള്‍ക്ക് രണ്ടു രൂപയും ഈടാക്കും.
വകുപ്പിന്‍െറ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താത്തവര്‍ക്കുള്ള സൗകര്യമെന്ന നിലക്കാണ് ഇ-സേവ കേന്ദ്രങ്ങള്‍ തുറക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍.ടി.ഒ, ജോയന്‍റ് ആര്‍.ടി.ഒ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇ-സേവ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇടനിലക്കാര്‍ ഈ കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി തടയും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. ഇ-സേവാ കേന്ദ്രങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര്‍, രണ്ട് കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, സ്കാനര്‍, ഫോട്ടോകോപ്പിയര്‍, ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ മോട്ടോര്‍വാഹന വകുപ്പ് നല്‍കും. കേന്ദ്രങ്ങളില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസറെ വകുപ്പ് നേരിട്ട് നിയമിക്കും.
കുടുംബശ്രീ ജില്ലാ മിഷനാണ് വളന്‍റിയര്‍മാരെ നിയമിക്കേണ്ടത്. ആര്‍.ടി, ജോയന്‍റ് ആര്‍.ടി ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
