Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിന്...

ലീഗിന് താല്‍പര്യമില്ലാത്ത സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം നിഷേധിച്ചു

text_fields
bookmark_border
ലീഗിന് താല്‍പര്യമില്ലാത്ത സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം നിഷേധിച്ചു
cancel

കോഴിക്കോട്: മുസ്ലിംലീഗ് നേതാക്കളുടെ താല്‍പര്യത്തിനു വഴങ്ങാന്‍ തയാറാകാത്ത കോഴിക്കോട് പുറക്കാട് വിദ്യാസദനം മോഡല്‍ സ്കൂളിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നിഷേധിച്ചു. പാര്‍ട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി സ്കൂളിന് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ അയച്ച കത്ത് പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ലീഗ് പുറക്കാട് ശാഖാ കമ്മിറ്റി, കൊയിലാണ്ടി മണ്ഡലം കമ്മിറ്റി എന്നിവരാണ് ആദ്യം സ്കൂളിനെതിരെ രംഗത്തുവന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തന്നെ നേരിട്ട് വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. കെ.പി.എ. മജീദിന്‍െറതടക്കം മൂന്നു കത്തുകളും മീഡിയവണ്‍ ചാനലാണ് പുറത്തുവിട്ടത്.
എല്ലാ യോഗ്യതകളുമുള്ള വിദ്യാസദനം മോഡല്‍ സ്കൂളിന് അംഗീകാരം നല്‍കാന്‍, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9ന് ഡി.പി.ഐ ശിപാര്‍ശചെയ്തിരുന്നു. 10 അംഗ ഉദ്യോഗസ്ഥ സംഘമാണ് മാനദണ്ഡങ്ങള്‍ പരിശോധിച്ച് ശിപാര്‍ശ നല്‍കിയത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് 2015 നവംബര്‍ 9ന് പുറത്തിറക്കിയ സ്കൂളുകളുടെ പട്ടികയില്‍നിന്ന് സ്ഥാപനത്തെ ഒഴിവാക്കി. ഇതത്തേുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ലീഗ് ഇടപെടല്‍ പുറത്തുവന്നത്.
‘വിദ്യാസദനം സ്കൂളിന് അംഗീകാരം നല്‍കരുതെന്ന് പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും അംഗീകാരം നല്‍കേണ്ട സ്കൂളുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
പാര്‍ട്ടിയുടെ അഭിമാനം കാക്കാന്‍ ഈ സ്കൂളുമായി പാര്‍ട്ടിക്കുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നതു വരെ ലിസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്തണം’ എന്നാണ് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ‘സ്കൂളിന് അംഗീകാരം നല്‍കുന്നത് പാര്‍ട്ടിയെ വളരെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റിയുമായുണ്ടാക്കിയ മധ്യസ്ഥ തീരുമാനത്തിന് വിധേയമായി മാത്രം പ്രസ്തുത സ്കൂളിന് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കണം’ എന്നാണ് പുറക്കാട് ശാഖാ ലീഗ് കമ്മിറ്റിയുടെ ആവശ്യം. ഈ വാദങ്ങള്‍ ശരിവെക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്,  ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു.2015 ജൂണ്‍ 14നാണ് കെ.പി.എ. മജീദ് കത്ത് നല്‍കിയത്. മൂന്ന് കത്തുകളും അവരവരുടെ ഒൗദ്യോഗിക ലെറ്റര്‍ഹെഡിലാണ് തയാറാക്കിയിരിക്കുന്നത്. ഡി.പി.ഐ ശിപാര്‍ശചെയ്തിട്ടും അംഗീകാരം നല്‍കാതിരുന്നതോടെ, ലീഗ് ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി നടപ്പാക്കിയെന്നാണ് വ്യക്തമാകുന്നത്. തീരുമാനം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആസ്പദമാക്കിയ ‘പാര്‍ട്ടി ഉത്തരവുകള്‍’ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിവരാവകാശ നിയമപ്രകാരം ഈ കത്തുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ. പി.എ. മജീദിനെയും ലീഗ് നേതൃത്വത്തെയും ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.
എന്നാല്‍, നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രതികരിച്ചു. അര്‍ഹതയുണ്ടെങ്കില്‍ സ്കൂളിന് അംഗീകാരം നല്‍കുമെന്നും അത് നിഷേധിക്കേണ്ട കാര്യമില്ളെന്നും വിദ്യാഭ്യാസമന്ത്രി മീഡിയവണിനോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueKerala News
Next Story