ഡി.ജി.പിയെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsപത്തനംതിട്ട: സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ സി.പി.ഒ രാജേഷ്കുമാറിനെയാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ സസ്പെന്‍ഡ് ചെയതത്. സംസ്ഥാന പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സെന്‍കുമാറിന്‍െറ സര്‍ക്കുലറിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് നടപടി.
‘നിശ്ശബ്ദതയുടെ പേരാണ് മരണം’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്. ഡി.ജി.പി ഇറക്കിയ പുതിയ സര്‍ക്കുലര്‍ പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന പോസ്റ്റിന്‍െറ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. കലാഭവന്‍ മണിക്കെതിരെ പൊലീസ് നടപടിയെടുത്തപ്പോള്‍ താങ്കള്‍ മാധ്യമസമക്ഷം ആരോപണമുന്നയിച്ചു, പൊലീസ് ജാതീയമായ പരിഗണനകള്‍വെച്ച് പുലര്‍ത്തുന്നുവെന്ന്. താങ്കള്‍ ജോലി രാജിവെച്ച് രാഷ്ര്ടീയ പാര്‍ട്ടി രൂപവത്കരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത്. എന്നാല്‍, ജേക്കബ് തോമസ് സാര്‍ അദ്ദേഹത്തിന്‍െറ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞു; ‘രാജിവെച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെ’. പൊലീസ് പരിഷ്കരണ ശ്രമങ്ങളെ (പ്രത്യാശകളെ) പിന്തുണച്ചിരുന്ന താങ്കളെ ഞാന്‍ ആദ്യമായി കാണുന്നത് ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്’ എന്നു തുടങ്ങുന്ന ഫേസ്ബുക് കുറിപ്പ് ആഴ്ചകള്‍ക്ക് മുമ്പ് പണ്ഡിതനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ജ്യോതിഷികളുടെ ചടങ്ങില്‍ സംബന്ധിച്ച് പൊലീസ് കേസുകള്‍ തെളിയിക്കാന്‍ ജോത്സ്യരെ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
ഇനി പൊലീസ് വകുപ്പ് നമുക്ക് പിരിച്ചുവിടാം. ജോത്സ്യന്മാര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ നടത്തട്ടെ, ഹനുമാന്‍ സേന സമരങ്ങള്‍ നേരിടട്ടെ, ഡി.ജി.പി വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ, എന്ത് മതനിരപേക്ഷത! എന്ത് ജനാധിപത്യം! എന്ത് രാഷ്ട്രീയം! 10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടില്‍ കയറ്റുന്നിടം മുതല്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനുവരെ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതു ചെലവില്‍ കൊഴുപ്പേകുന്നു. ഈ പൊലീസ് ബീഫ് പൊലീസ് (മോറല്‍ പൊലീസ്) ആകാന്‍ ദൂരമില്ല. താങ്കളുടെ സര്‍ക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ കുറ്റകരമാണ്. പക്ഷേ, അതോടൊപ്പം ഉള്‍പ്പെടുത്തിയ രണ്ടു ഭാഗങ്ങള്‍ ബര്‍മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്. എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്‍െറ വ്യക്തിപരമായ അഭിപ്രായമല്ളെന്നും രാഷ്ര്ടീയ അവബോധമുള്ള ഒരു പൗരന്‍െറ ചിന്തകള്‍ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും മേലില്‍ ചിന്തിക്കില്ളെന്നും സര്‍ക്കുലര്‍ പ്രകാരം ബോധശൂന്യനായി ജീവിച്ചു കൊള്ളാമെന്നും പറഞ്ഞാണ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ. രാജു, രാജേഷ്കുമാറിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ശക്തമായ ഭാഷയിലും സെന്‍കുമാറിന്‍െറ ചെയ്തികളെ വിമര്‍ശിച്ചും തയാറാക്കിയ പോസ്റ്റില്‍ അന്താരാഷ്ട്ര വിഷയങ്ങള്‍വരെ പരാമര്‍ശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
