അഞ്ചുവര്‍ഷം കഴിഞ്ഞ പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
text_fieldsകൊച്ചി: അഞ്ചുവര്‍ഷം കഴിഞ്ഞ പാസ്പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. 2015 നവംബര്‍ 26ന് ചീഫ് പാസ്പോര്‍ട്ട് ഓഫിസര്‍ കൂടിയായ വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറിയുടെ പേരില്‍ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലാണ് ഈ നിര്‍ദേശമുള്ളത്. കേരള ഹൈകോടതിയുടെ വിധിയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പാസ്പോര്‍ട്ട് വിതരണ അതോറിറ്റികള്‍ക്കും നിര്‍ദേശം നല്‍കി പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച കേരള ഹൈകോടതിയില്‍ ഹാജരാക്കി.
പാസ്പോര്‍ട്ട് തിരുത്തല്‍ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. സി. ജി പ്രീത മുഖേന കോടതിക്ക് സമര്‍പ്പിച്ചത്.
പാസ്പോര്‍ട്ടില്‍ തെറ്റ് സംഭവിച്ചതിന് വ്യക്തമായ വിശദീകരണമില്ലാതെയും തിരുത്തുന്നതിന് കാരണം കാട്ടാതെയും പതിറ്റാണ്ടുകള്‍ പോലും പഴക്കമുള്ള പാസ്പോര്‍ട്ടുകളില്‍ ജനന തീയതി തിരുത്താനുള്ള അപേക്ഷ പരിഗണിക്കുന്നതിനെതിരെ ഹൈകോടതി 2015 ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിതരണം ചെയ്തശേഷം നിശ്ചിത കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകളിലെ ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സിവില്‍ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പോലും തിരുത്തി നല്‍കരുതെന്ന് ഹൈകോടതി നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതുമായ ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കുലറുകളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
തുടര്‍ന്നാണ് ന്യായമായ കാരണങ്ങളില്ലാതെ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള പാസ്പോര്‍ട്ടുകളിലെ തിരുത്തലുകള്‍ക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ളെന്ന് വ്യക്തമാക്കി സര്‍ക്കുലറില്‍ ഭേദഗതി വരുത്തി പുതിയ ഉത്തരവിട്ടത്. ക്ളറിക്കല്‍ -സാങ്കേതിക പിഴവുകള്‍ മൂലം തെറ്റ് സംഭവിച്ച പാസ്പോര്‍ട്ടുകളിലെ ജനനത്തീയതി തിരുത്തി നല്‍കുന്നതിന് ഈ ഉത്തരവ് ബാധകമല്ളെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജനനത്തീയതി വ്യക്തമാക്കുന്ന അംഗീകൃത ജനന സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ തീയതി തിരുത്തി നല്‍കാം.
തെറ്റായ വിവരങ്ങള്‍ അടങ്ങിയ പാസ്പോര്‍ട്ട് നേരത്തേ കൈപ്പറ്റിയതിന് അപേക്ഷകനില്‍നിന്ന് നിശ്ചിത തുക പിഴയായി ഈടാക്കുകയും വേണം. അതേസമയം, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ജനനത്തീയതി തെറ്റായി രേഖപ്പെടുത്തപ്പെട്ട പാസ്പോര്‍ട്ട് ഉടമകള്‍ക്ക് അത് തിരുത്തുന്നതിന് വാര്‍ഷിക പരിഗണനയില്ലാതെ ഇളവ് നല്‍കും.
ഇനി മുതല്‍ ജനനത്തീയതി തിരുത്തലിന് പാസ്പോര്‍ട്ട് ഓഫിസുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ കാര്യത്തില്‍ ഈ ഉത്തരവാണ് പാലിക്കേണ്ടതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
